കാറില്‍ കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

ആലുവ: കാറില്‍ കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലിസ് പിടിച്ചു. രണ്ടു പേര്‍ പിടിയില്‍. വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശികളായ മണ്ണംകണ്ണി വീട്ടില്‍ അന്‍വര്‍(29), ഇളംതോട്ടത്തില്‍ അബ്ദുല്‍ ഖാദര്‍ (20) എന്നിവരാണു പിടിയിലായത്. ശനിയാഴ്ച രാത്രി എട്ടോടെ ആലുവ ബൈപാസ് ജങ്ഷനില്‍ പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ്് ഇവര്‍ പിടിയിലായത്.എറണാകുളം ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണു കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന പണം കണ്ടെത്തിയത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളാക്കിയാണ് 43 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് പോലിസ് നടത്തിയ ചോദ്യംചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നു സംശയം തോന്നിയ പോലിസ് ഇവരെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പണത്തെ സംബന്ധിച്ച് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചതായി ആലുവ സി.ഐ. അറിയിച്ചു. എസ്.ഐ. പി എ ഫൈസല്‍, സീനിയര്‍ സി.പി.ഒ. ജോര്‍ജ് മാത്യു, സി.പി.ഒ. സജി, രജീവ്, സിജന്‍ സുരേഷ് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വംനല്‍കി. സംഭവത്തില്‍ ആലുവ ഈസ്റ്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it