കാറില്‍ ആറു രാജ്യങ്ങള്‍ ചുറ്റി കാസര്‍കോട് സ്വദേശികളായ യുവാക്കള്‍ തിരിച്ചെത്തി

ശാഫി തെരുവത്ത്

കാസര്‍കോട്: കാറില്‍ ആറു രാജ്യങ്ങളില്‍ സഞ്ചരിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ തിരിച്ചെത്തി. ഖാദര്‍ കുണ്ടംകുഴിയും ചെമ്പിരിക്കയിലെ ശാഫി ചാപ്പയുമാണ് ഒന്നരമാസം കൊണ്ട് 13,870 കിലോമീറ്റര്‍ സഞ്ചരിച്ച് കഴിഞ്ഞ ദിവസം കാസര്‍കോട്ടു തിരിച്ചെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 13ന് വൈകീട്ടാണ് ഖാദറിന്റെ ഉടമസ്ഥതയിലുളള കാറില്‍ കാസര്‍കോട്ടു നിന്ന് മുംബൈ വഴി ആറു രാജ്യങ്ങള്‍ കാണാന്‍ പുറപ്പെട്ടത്.
മധ്യപ്രദേശ്, യുപി, ബിഹാര്‍, പശ്ചിമബംഗാള്‍, നാഗലാന്‍ഡ്, മണിപ്പൂര്‍ വഴി 23ന് ഇന്ത്യന്‍ അതിര്‍ത്തിയായ മോറെയില്‍ എത്തി. ഇവിടെ നിന്ന് നേരെ മ്യാന്‍മറലേക്ക്. അവിടെ ആറു ദിവസം തങ്ങിയശേഷം തായ്‌ലന്‍ഡില്‍ എത്തി ഒരാഴ്ചയോളം താമസിച്ചു. കാലാവസ്ഥയും ഭക്ഷണവും പ്രശ്‌നമായിരുന്നെങ്കിലും അതൊക്കെ തരണംചെയ്ത് കംബോഡിയയിലേക്കു തിരിച്ചു. പിന്നീട് സംഘം പോയത് ലാവോസിലേക്കായിരുന്നു. അവിടെ നിന്ന് വിയറ്റ്‌നാമിലേക്കായിരുന്നു യാത്ര. ഈ മൂന്നു രാജ്യങ്ങളിലും കൂടി ഒമ്പത് ദിവസമാണു താമസിച്ചത്. പിന്നീട് തായ്‌ലന്‍ഡ് വഴി മലേസ്യയിലെത്തി. പഴങ്ങള്‍ സമൃദ്ധമായ നാട്ടില്‍ ആറു ദിനരാത്രങ്ങള്‍ താമസിച്ചു. ലോക ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ സിംഗപ്പൂരിലേക്കാണ് പിന്നീടു യാത്രതിരിച്ചത്. കഴിഞ്ഞ 25ന് യാത്ര അവസാനിപ്പിച്ചു.
ഓരോ രാജ്യത്തിന്റെയും സ്പന്ദനങ്ങളും സാംസ്‌കാരികതയും ജനങ്ങളുടെ ജീവിതരീതികളും നേരിട്ടു കണ്ടറിയുന്നതിന് യാത്ര ഏറെ ഉപകരിച്ചെന്ന് ഇരുവരും പറഞ്ഞു. രാത്രിയും പകലുമായി നടത്തിയ യാത്രയില്‍ ഒട്ടേറെ അനുഭവങ്ങളും അറിവുകളും ലഭിച്ചതായും ഇവര്‍ പറഞ്ഞു. ഈ യാത്ര പ്രചോദനമായതിനാല്‍ താമസിയാതെ കാറില്‍ ലണ്ടനിലേക്ക് മറ്റൊരു യാത്രതിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it