kozhikode local

കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നു

നാദാപുരം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി തട്ടികൊണ്ടു പോയി പണം കവര്‍ന്നു. ഇന്നലെ രാവിലെ പത്തരയോടെ പുറമേരി  കുനിങ്ങാട് റോഡിലാണ് സംഭവം. മൊകേരി നടുപ്പൊയ്യില്‍ സ്‌കൂള്‍ പരിസരത്തെ പുന്നത്തോട്ടത്തില്‍ സലീം (26) ആണ്  അക്രമത്തിനിരയായത്. കുനിങ്ങാട് ഭാഗത്ത് നിന്ന് പുറമേരി ഭാഗത്തേക്ക് ബൈക്കില്‍  വരികയായിരുന്ന സലീമിനെ പിന്തുടര്‍ന്ന് നിസ്സാന്‍ മൈക്ര കാറിലെത്തിയ ആയുധധാരികളായ സംഘം സലീം സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് ഇടിച്ച് വീഴ്ത്തി.
വടിവാളുമായി ഇറങ്ങിയ യുവാക്കള്‍ സലീമിനെ മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴച്ച് കാറില്‍ കയറ്റികൊണ്ടുപോവുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് നേരെ അക്രമികള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് സലീമിനെ കയറ്റിയ കാര്‍  കുനിങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോയി.അക്രമി സംഘങ്ങളുമായുണ്ടായ പിടിവലികള്‍ക്കിടയില്‍ സലീമിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ചില കടലാസുകളും റോഡില്‍ ചിതറി വീണു. സംഭവം പോലിസിലറിയിച്ച് കാത്തു നില്‍ക്കുന്നതിനിടെ അര മണിക്കൂറിന് ശേഷം എത്തിയ യുവാവ് റോഡില്‍ വീണ മൊബൈല്‍ എടുത്ത് പോവുന്നതിനിടയില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു.
ഒന്നര ലക്ഷത്തോളം രൂപ അക്രമികള്‍ കവര്‍ന്നതായി സലീം പറഞ്ഞു. പിന്നീട് കക്കം വെള്ളി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലിസിന് മൊഴി നല്‍കി. യുവാവ് സഞ്ചരിച്ച ബൈക്ക് പുറമേരി ക്ഷേത്ര പരിസരത്തെ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.നാദാപുരം അഡീഷ്ണല്‍ എസ്‌ഐ കെ സുധാകരന്റെ നേതൃത്വത്തിലെത്തിയ പോലിസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
കുഴല്‍പ്പണ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. മാസങ്ങള്‍ക്ക് മുമ്പ് കല്ലേരിയിലും, തണ്ണീര്‍ പന്തലിലും കുഴല്‍പ്പണവുമായി പോവുകയായിരുന്ന യുവാക്കളെ വടിവാള്‍ വീശി തട്ടികൊണ്ടു പോയിരുന്നു.സലീമിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു.
Next Story

RELATED STORIES

Share it