കാറിടിച്ച് യുവാവ് മരിച്ച കേസ്: കൗമാരക്കാരനെ മുതിര്‍ന്ന ആളെ പോലെ വിചാരണ ചെയ്യും

ന്യൂഡല്‍ഹി: പിതാവിന്റെ ആഡംബര കാറിടിച്ച് 32കാരനായ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് മരിച്ച കേസില്‍ പ്രതി കൗമാരക്കാരനെ മുതിര്‍ന്ന പൗരനെന്ന നിലയില്‍ വിചാരണ ചെയ്യാന്‍ ബാലനീതി ബോര്‍ഡ് ഉത്തരവ്. കേസിന്റെ വിചാരണ ജുവനൈല്‍ കോടതിയില്‍നിന്നു വിചാരണക്കോടതിയിലേക്ക് മാറ്റണമെന്ന ഡല്‍ഹി പോലിസിന്റെ ഹരജിയിലാണ് ബാലനീതി ബോര്‍ഡിന്റെ തീരുമാനം. ഏപ്രില്‍ നാലിനാണ് അപകടം സംഭവിച്ചത്. നാലു ദിവസം കഴിഞ്ഞപ്പോള്‍ കൗമാരക്കാരന് പ്രായപൂര്‍ത്തിയായിരുന്നു. കൗമാരക്കാരന്‍ നടത്തിയത് ക്രൂരകൃത്യമാണെന്ന് ബോര്‍ഡ് വിലയിരുത്തി.
2015ല്‍ ബാലനീതി നിയമം ഭേദഗതി ചെയ്തതിനു ശേഷം ഇത്തരത്തിലുള്ള ആദ്യ കേസാണിത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന കുട്ടികളുടെ വിചാരണ സെഷന്‍സ് കോടതിയിലേക്കു മാറ്റാന്‍ ഭേദഗതി പ്രകാരം ബാലനീതി ബോര്‍ഡിന് അധികാരം നല്‍കുന്നുണ്ട്.
ഇത്തരം കേസുകളില്‍ കുറ്റവാളിക്ക് ഏഴു വര്‍ഷം വരെ തടവ് ലഭിക്കാം. മെയ് 26ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. പ്രതിയെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള നിയമപ്രകാരം വിചാരണ ചെയ്യണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബാലനീതി ബോര്‍ഡില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദം അംഗീകരിച്ചതിനെതുടര്‍ന്നാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രില്‍ നാലിന് ഉത്തര ഡല്‍ഹിയിലാണ് അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന സിദ്ധാര്‍ഥ് ശര്‍മയാണ് മരിച്ചത്.
Next Story

RELATED STORIES

Share it