Kottayam Local

കാറിടിച്ച് മറിഞ്ഞ ബൈക്ക് പാലായിലെ നടുറോഡില്‍ കിടന്നത് മുക്കാല്‍ മണിക്കൂര്‍

പാലാ: കാര്‍ തട്ടിയ ബൈക്ക് പാലായിലെ നടുറോഡില്‍ കിടന്നത് മുക്കാല്‍ മണിക്കൂര്‍. ഇതുമൂലമുണ്ടായത് രൂക്ഷമായ ഗതാഗതക്കുരുക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 1.15ഓടെയാണ് ടൗണ്‍ ബസ് സ്റ്റാന്റിനു മുന്‍വശം മെയിന്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിന്നില്‍ ഇന്നോവ കാറിടിച്ചത്. ബൈക്ക് യാത്രികനായ ഭരണങ്ങാനം സ്വദേശി സാബുവിന് (38) പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ബസ് സ്റ്റാന്റിനു സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകട വിവരം അപ്പോള്‍ തന്നെ പാലാ ട്രാഫിക് പോലിസിനെ അറിയിച്ചു. ബൈക്ക് നടുറോഡില്‍ തന്നെ കിടന്നതിനാല്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ഗതാഗത തടസ്സവും രൂക്ഷമായി. സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരും വ്യാപാരികളുമാണ് വാഹനങ്ങള്‍ കുരുക്കില്‍പ്പെടാതെ ഈ സമയം ഗതാഗതം നിയന്ത്രിച്ചത്. മുക്കാല്‍ മണിക്കൂറോളം ബൈക്ക് നടുറോഡില്‍ കിടന്നിട്ടും ട്രാഫിക് പോലിസ് സ്ഥലത്തെത്തിയില്ല.
ബസ് സ്റ്റാന്‍ഡിലും പോലിസ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ രോഷാകുലരാവുകയും പോലിസിനോടുള്ള അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവില്‍ മുക്കാല്‍ മണിക്കൂറിനു ശേഷം ആരോ വിവരം അറിയിച്ചതനുസരിച്ച് പാലാ പ്രിന്‍സിപ്പല്‍ എസ്‌ഐ അഭിലാഷ് കുമാര്‍ സ്ഥലത്തെത്തി മറ്റ് യാത്രക്കാരുടെ സഹായത്തോടെ ബൈക്ക് നീക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ട്രാഫിക് പോലിസ് സ്ഥലത്തെത്തിയത്.
Next Story

RELATED STORIES

Share it