കാര്‍ വാഷിങ് കേന്ദ്രത്തിലെ കൊല: ബിഹാര്‍ സ്വദേശികളെ വെറുതെവിട്ടു

കാസര്‍കോട്: കാര്‍ വാഷിങ് കേന്ദ്രത്തിലെ ജീവനക്കാരനെ മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് കാറ്റടിച്ച് കൊലപ്പെടുത്തിയ ബിഹാറി സ്വദേശികളായ മൂന്നുപേരെ തെളിവില്ലാത്തതിനാല്‍ ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്) വിട്ടയച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ തായല്‍ ഹൗസിലെ ഇബ്രാഹിം (42) മരിച്ച കേസിലാണ് ബിഹാര്‍ സ്വദേശികളായ മൂന്നു തൊഴിലാളികളെ വിട്ടയച്ചത്.
2012 ഒക്ടോബര്‍ 19നാണ് അതിഞ്ഞാലിലെ കാര്‍ വാഷിങ് കേന്ദ്രത്തില്‍വച്ച് മുന്‍വിരോധം കാരണം മറ്റു തൊഴിലാളികളായ മൂന്നുപേര്‍ ചേര്‍ന്ന് മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് കാറ്റടിച്ചത്. ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 2012 ഒക്ടോബര്‍ 26ന് ഇബ്രാഹിം മരണപ്പെട്ടു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തിരുന്ന ബിഹാര്‍ സ്വദേശികളായ രഞ്ജന്‍(22), സോണു എന്ന സുനന്ദര്‍ (21), ചോട്ടുകുമാര്‍ (24) എന്നിവരെയാണു കോടതി വിട്ടയച്ചത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ജോലിചെയ്യാതിരിക്കുന്ന സഹപ്രവര്‍ത്തകരെ ശാസിച്ചതിന്റെ പേരിലാണ് ഇബ്രാഹിമിനെ അക്രമിച്ചത്. ചൂട് ഗ്യാസില്‍ ശരീരത്തിന്റെ ആന്തരാവയവങ്ങളെല്ലാം വെന്തുരുകിയതാണു മരണകാരണം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസില്‍ പ്രോസിക്യൂഷന്‍ വേണ്ട രീതിയില്‍ തെളിവ് ഹാജരാക്കാത്തതാണു പ്രതികളെ വെറുതെവിടാന്‍ ഇടയാക്കിയത്.
Next Story

RELATED STORIES

Share it