കാര്‍ ബൈക്കിലിടിച്ച് ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ മരിച്ചു

കൊടുങ്ങല്ലുര്‍: ദേശീയപാത 17 കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ കാര്‍ ബൈക്കിലിടിച്ച് ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന കൊടുങ്ങല്ലൂര്‍ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പി സി ഉമ്മറിന്റെ മകന്‍ മുഹമ്മദ് സമീര്‍(20), മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറിന്റെ മകന്‍ അച്ചു എന്ന ഹഫീസ് (20) എന്നിവരാണ് മരിച്ചത്.
ചന്തപ്പുര വടക്ക് ഭാഗത്ത് ടൗണ്‍ സഹകരണ ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ വെള്ളിയാഴ്ച രാത്രി 11.45 നാണ് അപകടം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങുന്നവരുടെ കാര്‍ പെട്ടെന്ന് റോഡിലേക്ക് എടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. കൊടുങ്ങല്ലൂരില്‍ നിന്നും മതില്‍ മൂലയിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സമീര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന ഹഫീസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. അരമണിക്കൂര്‍ നേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്ന ഇവരെ അതുവഴി വന്ന ഹൈവേ സുരക്ഷാ പ്രവര്‍ത്തകന്‍ നജീബും മറ്റൊരു യുവാവും ചേര്‍ന്നാണ് മേത്തല ഗൗരി ശങ്കര്‍ ആശുപത്രിയിലെത്തിച്ചത്. സമീറിന്റെ മൃതദേഹം അഴിക്കോട് പുത്തന്‍പള്ളി ഖബറിസ്ഥാനിലും ഹാഫിസിനെ മതിലകം ജുമാ മസ്ജിദിലും ഖബറടക്കി.
സനൂബയാണ് സമീറിന്റെ മാതാവ്. സഹോദരന്‍ ആസിഫ് ദുബയിലാണ്. ഫൗസിയയാണ് ഹാഫിസിന്റെ മാതാവ്. സിറാഫ്, മുഹമ്മദ് റമീസ്, എന്നിവര്‍ സഹോദരങ്ങളാണ്.
Next Story

RELATED STORIES

Share it