Flash News

കാര്‍ പുഴയിലേക്കു മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു



പറവൂര്‍: നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്കു മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പുത്തന്‍വേലിക്കര തുരുത്തൂര്‍ കൈമാതുരുത്തി വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മേരി (68), ഇവരുടെ മകന്‍ മെല്‍വിന്റെ ഭാര്യ ഹണി (32), മകന്‍ ആരോണ്‍ മെല്‍വിന്‍ (2) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ കണക്കന്‍കടവ് പമ്പ്ഹൗസിന് സമീപം ആലമറ്റം റോഡിലുള്ള പുഴയിലേക്ക് കാര്‍ മറിയുകയായിരുന്നു. മെല്‍വിനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇദ്ദേഹം പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മേരിയുടെ ആലമറ്റത്തുള്ള സഹോദരന്റെ വീട്ടില്‍ ആദ്യ കുര്‍ബാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. വിജനപ്രദേശത്തുക്കൂടിയുള്ള യാത്രയില്‍ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില്‍ കാറില്‍ നിന്നു മെല്‍വിന്‍ പുറത്തുകടന്നിരുന്നു. സ്ഥലത്തെത്തിയ പുത്തന്‍വേലിക്കര പോലിസ്, മാള, പറവൂര്‍ എന്നിവിടങ്ങളിലെ അഗ്നിശമനസേനാ വിഭാഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജി—തമാക്കിയെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും തിരിച്ചടിയായി. പിന്നീട് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കാര്‍ കരയ്ക്കു കയറ്റി ഡോറുകള്‍ വെട്ടിപ്പൊളിച്ചാണ് മേരിയെയും ഹണിയെയും പുറത്തെടുത്തത്. മേരി മരിച്ചനിലയിലായിരുന്നു. ഹണിയെ ഉടന്‍ ചാലാക്ക മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരച്ചിലുകള്‍ക്കൊടുവില്‍ രണ്ടുമണിയോടെ പുഴയിലെ പായലില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു ആരോണിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൂന്നു മൃതദേഹങ്ങളും പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകുന്നേരത്തോടെ തുരുത്തൂര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it