kannur local

കാര്‍ തടഞ്ഞ് കുടുംബത്തെ ആക്രമിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍



പരിയാരം: കാലിനു പരിക്കേറ്റ സ്ത്രീയേയും കൊണ്ട് മംഗലാപുരത്തേക്ക് ചികില്‍സയ്ക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ  നാലുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലോടുന്ന കെഎല്‍ 13 എജി 1899 ഇന്‍സാറ്റ് ബസ്സിലെ ഡ്രൈവര്‍ കണ്ണൂര്‍ കക്കാട് കിനാത്തി ക്ലാസിക്കില്‍ കെ കെ ഫവാദ് (27), കണ്ടക്ടര്‍ കടലായി ജെ ടി നിവാസില്‍ ജിതിന്‍ ജയരാജ് (25), ക്ലീനര്‍ പാണപ്പുഴ ആയിലവളപ്പില്‍ സതീഷ് (31), അള്ളാംകുളം അരോളിന്റെകത്ത് സുബൈര്‍ (41) എന്നിവരെയാണ് പരിയാരം എസ്‌ഐ വി ആര്‍ വിനീഷും സംഘവും പിടികൂടിയത്. അക്രമികള്‍ സഞ്ചരിച്ച കെഎല്‍ 13 ആര്‍ 8899 ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.15ഓടെയാണ് കേസിനാസ്പദമായ സംഭവം. മാഹി മഞ്ചക്കല്‍ സെഞ്ച്വറി റോഡിലെ പ്രാര്‍ഥനയില്‍ ഇ കെ സോജിത്ത് (27), കാലൊടിഞ്ഞ മാതാവ് ആശാലത (62)യെ ചികില്‍സയ്ക്കായി പി വൈ 03 എ 0282 കാറില്‍ മംഗലാപുരത്തേക്ക് പോവുകയായിരുന്നു. സോജിത്തിന്റെ സുഹൃത്ത് ആയിരുന്നു വാഹനമോടിച്ചിരുന്നത്. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഇന്‍സാറ്റ് ബസ് കാറിനെ മറികടക്കാന്‍ ധര്‍മശാല മുതല്‍ ഹോണടിച്ചു. എന്നാല്‍ മുന്നില്‍ മറ്റൊരു വാഹനമുള്ളതിനാല്‍ സൈഡ് കൊടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബസ് ജീവനക്കാര്‍ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. ഇവര്‍ ഇന്നോവ കാറിലെത്തി കാര്‍ തടഞ്ഞു. അപ്പോഴേക്കും ബസ്സും അവിടെയെത്തി. ഇന്നോവയില്‍ ഉണ്ടായിരുന്നവരും ബസ് ജീവനക്കാരും ചേര്‍ന്ന് സോജിത്തിനെയും മാതാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. സോജിത്തിന്റെ സ്വര്‍ണമാലയും ഇവര്‍ തട്ടിയെടുത്തു. സോജിത്തിനെയും ആശാലതയെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പോലിസിനെ കണ്ടതോടെ അക്രമിസംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇന്നോവ കാറിന്റെ ഉടമയാണ് സുബൈര്‍.
Next Story

RELATED STORIES

Share it