Kottayam Local

കാര്‍ഷിക വിജ്ഞാന മേള 10 മുതല്‍

കോട്ടയം: വേനലവധിക്കാലത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂടി ഒരു പകല്‍ ചെലവഴിക്കാനാവുന്നവിധം കൃഷി വിജ്ഞാനകേന്ദ്രവും കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രവും ചേര്‍ന്ന് ഈ മാസം 10 മുതല്‍ മെയ് 27 വരെ കാര്‍ഷിക വിജ്ഞാനമേള നടത്തും. 10ന് രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
കുമരകത്തിന്റെ ടൂറിസം സാധ്യതകളെ ജനങ്ങളെ അറിയിക്കുക എന്നലക്ഷ്യത്തോടെ നടപ്പാക്കുന്ന മേളയില്‍ കൃഷിയറിവുകള്‍ പങ്കിടുന്നതിനും കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നതിനും വേമ്പനാട് കായലിന്റെ തീരത്ത് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ 100 ഏക്കര്‍ വരുന്ന പ്രദേശത്താണ് മേള ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനം. 20 രൂപയാണ് പ്രവേശനഫീസ്. നടപ്പാതകളും ദിശാസൂചികകളും ഒരുക്കിയിട്ടുണ്ട്. കയര്‍ ഭൂവസ്ത്രമുപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കിയെടുത്ത ജലാശയ മാതൃകകള്‍ സന്ദര്‍ശിക്കാം. അക്വേറിയം, കൃഷി അനുബന്ധമേഖലയിലെ പ്രദര്‍ശനയീനിറ്റുകള്‍, കാര്‍ഷികയന്ത്രങ്ങള്‍, നാടന്‍മല്‍സ്യങ്ങളുടെ ശേഖരം എന്നിവ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. കയര്‍ ഭൂവസ്ത്രമിട്ട ചാലുകളില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന കാരി, മുഷി, മഞ്ഞക്കൂരി, വരാല്‍, കുമരകത്തിന്റെ മാത്രം പ്രത്യേകതയായ കരിമീന്‍ തുടങ്ങിയ നാടന്‍ മല്‍സ്യങ്ങളുടെ ശേഖരം കാണുന്നതിനും അവ വാങ്ങുന്നതിനും അവസരമൊരുക്കിയിരിട്ടുണ്ട്. വളര്‍ത്തുമല്‍സ്യങ്ങളായ കട്‌ല, രോഹു, മൃഗാള്‍, ഗ്രാസ് കാര്‍പ്പ്, തിലോപ്പിയ, എന്നിവയുടെ കൃഷി. നെല്ല് മീന്‍ താറാവ് എന്നിവയുടെ സംയോജിത കൃഷി, ഇന്ന് കര്‍ഷകരുടെ ഇടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അക്വാപോണിക്‌സ്, കൂണ്‍കൃഷി, മുട്ടക്കോഴി, കരിങ്കോഴി, ഇറച്ചിക്കോഴി എന്നിവയുടെ പ്രദര്‍ശന യൂനിറ്റ്.
ജൈവകര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ ജൈവകുമിള്‍ നാശിനി, ജീവാണുവളങ്ങള്‍ എന്നിവ നിര്‍മിക്കുന്ന ഒരു യൂനിറ്റും ഇവിടെ പ്രവര്‍ത്തിക്കും. കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ട് ധാരാളം വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും മേളയില്‍ പ്രത്യേക ഇടം നല്‍കിയിട്ടുണ്ടെന്ന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, ഡോ. ജി ജയലക്ഷ്മി, ഡോ. ഗീത തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it