palakkad local

കാര്‍ഷിക വികസനം ആദിവാസികളുടെ നിര്‍ദേശം പരിഗണിച്ചു മാത്രം: മന്ത്രി



പാലക്കാട്: ആദിവാസികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു മാത്രമേ അട്ടപ്പാടിയില്‍ കാര്‍ഷിക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കൂവെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകരുടെ ഉന്നമനത്തിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രത്യേക കാര്‍ഷിക മേഖലാ പദ്ധതിയായ ‘മില്ലറ്റ് വില്ലേജ്’  ഉദ്ഘാടനം ചെയ്യുകയായിരുന്നു. അട്ടപ്പാടിയിലെ പരമ്പരാഗത കൃഷി രീതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് സര്‍ക്കാര്‍ മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ശിശുമരണം ഉള്‍പ്പെടെയുള്ള അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം പോഷകാഹാര കുറവാണ്. പരമ്പരാഗത ചെറുധാന്യ കൃഷിയിലുണ്ടായ തകര്‍ച്ചയാണ് പോഷകാഹാര കുറവിന് കാരണമായത്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ചെറുധാന്യ കൃഷിക്ക് പ്രാധാന്യം നല്‍കി സംസ്ഥാനത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ് മില്ലറ്റ് വില്ലേജ്. സുതാര്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആദിവാസികള്‍ തന്നെയാണെന്ന് ഉറപ്പാക്കും. ജില്ലാ കലക്ടര്‍ പദ്ധതി പുരോഗതി നേരിട്ട് വിലയിരുത്തും. ആദിവാസി ഊരുകളില്‍ കൃഷി ചെയ്യുന്ന ധാന്യങ്ങള്‍ സംഭരിച്ച് സംസ്‌കരണം നടത്തി മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണി കണ്ടെത്തും. മിച്ചം വരുന്നവ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് വിപണനം ചെയ്യും. കര്‍ഷകന് ന്യായവില ഉറപ്പാക്കും. ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി സംഭരണ മില്ല് ഉടന്‍ നിര്‍മിക്കും. ഇതിനായി കോട്ടത്തറ ആട് വളര്‍ത്തല്‍ ഫാമിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  അട്ടപ്പാടിയിലെ ആദിവാസി ഉല്‍പന്നങ്ങളെന്ന പേരിലാകും വിപണി കണ്ടെത്തുക. ഇതിനായി ആദിവാസി കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി തുടങ്ങും. അഗളി ഗ്രാമപഞ്ചായത്തിലെ കുന്നന്‍ചാള ഊരിലെ കൃഷിഭൂമി ഉഴുത് വിത്ത് വിതച്ചാണ് മന്ത്രി പദ്ധതിക്ക് തുടക്കമിട്ടത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഊരിലെത്തിയ മന്ത്രിയെ പരമ്പരാഗത ആദിവാസി നൃത്തത്തോടെയാണ് കര്‍ഷകര്‍ സ്വീകരിച്ചത്. അഗളി കില പരിശീലന ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍ ഷംസുദീന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, രത്തിനരാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അഡീഷനല്‍ ഡയറക്റ്റര്‍ എസ് ജനാര്‍ദനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it