Flash News

കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ : കേന്ദ്രം പണം നല്‍കില്ല - അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിന് കേന്ദ്രസര്‍ക്കാര്‍  പണം നല്‍കില്ലെന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും. കേന്ദ്രത്തിന് അതിന്റേതായ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം ശക്തമായ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജെയ്റ്റ്‌ലി. വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്ല. ധനകമ്മി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ നിലവില്‍ സര്‍ക്കാരിന് മറികടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പണം തരില്ലെന്ന് താന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ പദ്ധതിയുണ്ടെങ്കില്‍ അതിനുള്ള പണം അവര്‍ തന്നെ കണ്ടെത്തണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു കൂടുതലൊന്നും പറയാനില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 3.1 ലക്ഷം കോടിയാണു നിലവില്‍ രാജ്യത്തെ കാര്‍ഷികവായ്പ. ഇത് 2016-17 കാലത്തെ ആഭ്യന്തര ഉല്‍പാദനനിരക്കിന്റെ (ജിഡിപി) 2.6 ശതമാനമാണ്. 30,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഉത്തര്‍പ്രദേശും 36,359 കോടിയുടെ കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. 36,600 കോടിയുടെ കാര്‍ഷികവായ്പ എഴുതിത്തള്ളണമെന്നാണ് പഞ്ചാബിന്റെ ആവശ്യം. മധ്യപ്രദേശ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട കാര്‍ഷിക കടം 56,047 കോടിയാണ്. ഗുജറാത്ത് 40,650 കോടി, ഹരിയാന 56,000 കോടി, തമിഴ്‌നാട് 7,760 കോടി, കര്‍ണാടക 52,500 കോടി എന്നിങ്ങനെ തുകയാണ് എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കടങ്ങള്‍ എഴുതിത്തള്ളുന്നത് 32.8 മില്യന്‍ കര്‍ഷകര്‍ക്കാണ് സഹായകമാവുക. 2008ല്‍ യുപിഎ സര്‍ക്കാരാണ് സമീപകാലത്തെ ഏറ്റവും വലിയ കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചത്. 52,000 കോടിയുടെ വായ്പയാണ് രാജ്യവ്യാപകമായി എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
Next Story

RELATED STORIES

Share it