Alappuzha local

'കാര്‍ഷിക വളര്‍ച്ചയ്ക്ക് പുതുതലമുറ സാങ്കേതിക പരിജ്ഞാനം ആര്‍ജിക്കണം'

ഹരിപ്പാട്: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സാങ്കേതിക പരിജ്ഞാനമുള്ള പുതിയ തലമുറയെ ആവശ്യമാണെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. ഹരിപ്പാട് കാര്‍ഷിക പോളിടെക്‌നിക്കിന്റെ ഉദ്ഘാടനം ഹരിപ്പാട് ഭവാനി മന്ദിരം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക പോളിടെക്‌നിക്കിലെ കോഴ്‌സുകളില്‍ അഞ്ചു സീറ്റ് ഓണാട്ടുകരയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് തൊഴിലധിഷ്ടിത വിദ്യാഭ്യാസം ന ല്‍കി കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമാക്കാനാണ് കാര്‍ഷിക പോളിടെക്‌നിക്കുകള്‍ ആരംഭിച്ചത്. കാര്‍ഷികരംഗത്ത് യന്ത്രവല്‍കരണം വ്യാപകമായതിനാല്‍ സാങ്കേതികവിദഗ്ധരുടെ ആവശ്യം വര്‍ധിച്ചു. കൃഷി- ക്ഷീര- ഫിഷറീസ് മേഖലകളെ സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതിയാണ് പോളിടെക്‌നിക്കുകളിലെ ഡിപ്ലോമ കോഴ്‌സിനുള്ളത്. പ്രയോഗിക പരിശീലനം ഉള്‍പ്പെടുത്തി അഞ്ചു സെമസ്റ്ററുകളിലായി രണ്ടരവര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരിലൂടെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. 2016 ഏപ്രിലോടെ കേരളം ജൈവകാര്‍ഷിക സംസ്ഥാനമാവും-മന്ത്രി കെ പി മോഹനന്‍ പറഞ്ഞു.
യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഹരിപ്പാട് പോളിടെക്‌നിക്കില്‍ അടുത്ത അധ്യയനവര്‍ഷം ക്ലാസ് ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൃഷി സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ പോളിടെക്‌നിക്കിനാവുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, നഗരസഭാധ്യക്ഷ പ്രഫ. സുധാ സുശീലന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോണ്‍ തോമസ്, ബബിത ജയന്‍, ജനപ്രതിനിധികളായ ബിജു കൊല്ലശേരി, എം കെ വിജയന്‍, ശോഭ വിശ്വനാഥ്, സ്‌പെഷല്‍ ഓഫിസര്‍ ഡോ. ആര്‍ കൃഷ്ണകുമാര്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പോളിടെക്‌നിക്കിനായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it