wayanad local

കാര്‍ഷിക മേഖലയ്ക്ക് ജലസേചന കര്‍മ പദ്ധതി

കല്‍പ്പറ്റ: ജില്ലയിലെ കാര്‍ഷിക മേഖലയില്‍ എല്ലായിടത്തും ജലസേചനം ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനക്ക് (പിഎംകെഎസ്‌വൈ) കീഴില്‍ തയ്യാറാക്കിയ സമഗ്ര ജലസേചന കര്‍മ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക് കമ്മിറ്റി തത്വത്തില്‍ അംഗീകാരം നല്‍കി.
സബ് കലക്ടര്‍ ശീറാം സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. നിലവില്‍ ജില്ലയില്‍ ഒമ്പതു ശതമാനം മാത്രമാണ് ജലസേചന സൗകര്യമുള്ള പ്രദേശങ്ങള്‍. വിവിധ ജലാശയങ്ങളെ ഉപയോഗിച്ചും പുനരുജ്ജീവിപ്പിച്ചും സമഗ്രമായ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി, അമ്പലവയല്‍, എടവക, കോട്ടത്തറ, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മേപ്പാടി ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ 2015-16 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നല്‍കി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റ് യോഗം അംഗീകരിച്ചു.
ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍പേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. മെംബര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍, വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it