wayanad local

കാര്‍ഷിക നന്‍മ തിരിച്ചുപിടിക്കാന്‍ തിരുനെല്ലിയില്‍ വിത്തുല്‍സവം

കല്‍പ്പറ്റ: പ്രകൃതി സൗഹൃദത്തിന്റെയും കാര്‍ഷിക ആവാസ വ്യവസ്ഥയുടെയും സന്ദേശമുയര്‍ത്തി നാടന്‍വിത്ത് പ്രചാരണവുമായി തിരുനെല്ലി പഞ്ചായത്ത്. 27, 28 തിയ്യതികളിലാണ് വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിത്തുല്‍സവം നടക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിത്തുല്‍സവമാണിതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മായാദേവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വികലമായ വികസന പ്രക്രിയകളുടെയും ദീര്‍ഘവീക്ഷണമില്ലാത്ത വനനശീകരണത്തിന്റെയും അമിതമായ രാസവള കീടനാശിനി പ്രയോഗത്തിലൂടെയുമുള്ള കൃഷിയുടെ ഫലമായി ഇന്ന് ഒട്ടേറെ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. കാര്‍ഷിക മേഖലയിലും ആരോഗ്യരംഗത്തും ഇതു ശക്തമാണ്. പ്രകൃതി സൗഹൃദ കാര്‍ഷിക ആവാസ വ്യവസ്ഥയിലൂടെയും അതിനാവശ്യമായ നാടന്‍ വിത്തുകളിലൂടെയും ഇതിന് പരിഹാരം കാണുകയല്ലാതെ മാര്‍ഗമില്ല. ഈ ശ്രമത്തിന്റെ ഭാഗമാണ് വിത്തുല്‍സവം. കേരളത്തില്‍ ഏറ്റവുമധികം നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്തു സംരക്ഷിക്കുന്നത് തിരുനെല്ലി പഞ്ചായത്തിലാണ്. വിത്തുല്‍സവത്തില്‍ 200ലധികം നാടന്‍ നെല്‍വിത്തുകള്‍, 60ല്‍ പരം കിഴങ്ങുവര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനം, വിത്ത് കൈമാറ്റം, പാരമ്പര്യ ഭക്ഷണശാലകള്‍, പാരമ്പര്യ ഭക്ഷ്യമേള, പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കും.
പഞ്ചായത്തിന് പുറമെ കുടുംബശ്രീ, നബാര്‍ഡ്, സേവന്‍ ഔവര്‍ റൈസ് കാംപയിന്‍, തണല്‍, ഭാരത്ബീജ് മഞ്ച്, ആത്മവയനാട്, പി കെ കാളന്‍ സ്മാരക സാംസ്‌കാരിക വേദി തുടങ്ങിയ സ്ഥാപനങ്ങളാണ് വിത്തുല്‍സവത്തിന്റെ പിന്നില്‍. 27നു രാവിലെ പത്തിന് നിയുക്ത മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു വിത്തുല്‍സവം ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയാണ് ഇത്. ജൈവകൃഷിയിലൂടെ കര്‍ഷകരക്ഷ എന്ന വിഷയത്തില്‍ തണല്‍ സംഘടനയുടെ ട്രസ്റ്റിയും കീടനാശിനികള്‍ക്കെതിരേയുള്ള അന്താരാഷ്ട്ര ജനകീയ മുന്നേറ്റത്തിന്റെ അമരക്കാരില്‍ ഒരാളുമായ സി ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് കൃഷിയും കാര്‍ഷിക അനുബന്ധ മേഖലയിലെ വനിതാ സംരംഭങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേരളത്തിലെ ഏറ്റവും മികച്ച വനിതാ കാര്‍ഷിക സംരംഭകരായ ഇടുക്കിയിലെ കഞ്ഞിക്കുഴി സിഡിഎസ് അംഗങ്ങള്‍ സെമിനാറില്‍ സംസാരിക്കും. അഞ്ചിന് നടക്കുന്ന കലാസാംസ്‌കാരിക പരിപാടിയില്‍ കേരള മഹിളാസമഖ്യ, എംഎസ്‌കെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
28ന് രാവിലെ ആത്മ വയനാടിന്റെ ആഭിമുഖ്യത്തില്‍ ജൈവ കൃഷിയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍. രണ്ടിന് തിരുനെല്ലി പഞ്ചായത്തിലെ കൃഷിയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന പരിപാടിയില്‍ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ കെ ലെനീഷ്, കെ അനന്തന്‍നമ്പ്യാര്‍, ടി സി ജോസഫ്, രാജേഷ് കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it