wayanad local

കാര്‍ഷിക കൂട്ടായ്മയുമായി കൃഷിവകുപ്പിന്റെ സംഘമൈത്രി

സുല്‍ത്താന്‍ ബത്തേരി: കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക കൂട്ടായ്മയുമായി കൃഷിവകുപ്പിന്റെ സംഘമൈത്രി പദ്ധതി. ജില്ലയിലെ പരമ്പാരാഗത കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് സംഘമൈത്രി അഴ്ചച്ചന്തയിലൂടെ വില്‍പന നടത്തുക. ഇതിന്റെ ഭാഗമായി അമ്മായിപ്പാലത്തെ കൃഷിവകുപ്പിന്റെ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തില്‍ ആഴ്ചച്ചന്തയും ആരംഭിച്ചു.
ജില്ലയിലെ പരമ്പാരാഗത കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും കര്‍ഷകര്‍ക്ക് മാന്യമായ വില ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടത്തട്ടുകാരുടെ ചൂഷണം നിമിത്തം കര്‍ഷകര്‍ വലിയനഷ്ടം സംഭവിച്ചാണ് കാര്‍ഷിക വിളകള്‍ വില്‍ക്കുന്നത്. ഇതില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ കര്‍ഷകരെയും കര്‍ഷക കൂട്ടായ്മകളെയും ഒന്നിച്ചണിനിരത്തി സംഘമൈത്രി എന്ന് പേരില്‍ കൃഷിവകുപ്പ് കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുന്നത്. 2006ല്‍ ഇതു രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പിന്നീട് താളംതെറ്റുകയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷമാണ് കര്‍ഷക കൂട്ടായിമകളെ ഏകോപിപ്പിച്ച് അവര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ നേരിട്ട് വില്‍പന നടത്താവുന്ന തരത്തില്‍ സംഘമൈത്രി പുനരുജ്ജീവിപ്പിച്ചത്. സംഘമൈത്രിയില്‍ രജിസ്റ്റര്‍ ചെയ്ത് ചൊവ്വാഴ്ചകളില്‍ അമ്മായിപ്പാലത്തെ കേന്ദ്രത്തിലെത്തിച്ച് ഉല്‍പന്നം വില്‍പ്പന നടത്താന്‍ കഴിയുമെന്ന് സംഘമൈത്രി ചെയര്‍മാന്‍ ജോയി ജോസഫ് പറഞ്ഞു.
ആദ്യദിവസമായ ഇന്നലെ 1,200 കിലോയോളം പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് വിറ്റഴിച്ചത്. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കാനും ലക്ഷ്യമുണ്ട്. ചന്തയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി നിര്‍വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ലീല പാല്‍പ്പാത്ത് അധ്യക്ഷത വഹിച്ചു. കാര്‍ഷിക മൊത്തവ്യാപാര വിതരണകേന്ദ്രം സെക്രട്ടറി എം സത്യദേവന്‍, അസിസ്റ്റന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ വി ജോസഫ്, ജെസി മോള്‍, അലക്‌സ് എം മാത്യു, അനില്‍കുമാര്‍, സുപ്രിയ, ബാനു പുളിക്കല്‍, ജോയി ജോസഫ്, പി വി തോമസ്, കെ ജെ ജോസ്, കെ ഡി തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it