Flash News

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സഹായമുണ്ടാവില്ല : ധനമന്ത്രി



ന്യൂഡല്‍ഹി: കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച സര്‍ക്കാരുകള്‍ അതിനായുള്ള തുക അതതു സംസ്ഥാനങ്ങളില്‍ നിന്നു തന്നെ കണ്ടെത്തണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പൊതുമേഖലാ ബാങ്കുകളുടെ അധ്യക്ഷന്‍മാരുമായുള്ള യോഗത്തിനു ശേഷമാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന. ബാങ്ക് തലവന്‍മാരുമായുള്ള യോഗത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ പറ്റിയും ചര്‍ച്ച ചെയ്തിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. കടാശ്വാസം നല്‍കുന്ന സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവന. കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. മാര്‍ച്ച് മാസം രാജ്യസഭയിലും അരുണ്‍ ജെയ്റ്റ്‌ലി ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരെ സഹായിക്കുന്നതിനായി വിവിധ പദ്ധതികളും നയങ്ങളും ഉണ്ടെന്നും എന്നാല്‍, അതിനപ്പുറം പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ അവര്‍ തന്നെ കണ്ടെത്തണമെന്നുമായിരുന്നു ജെയ്റ്റ്‌ലി പറഞ്ഞത്.
Next Story

RELATED STORIES

Share it