കാര്‍ഷിക കടങ്ങള്‍ക്ക് ജൂണ്‍ 30വരെ മൊറട്ടോറിയം

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്ക് 2016 ജൂണ്‍ 30വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ നൂല്‍പ്പുഴ, തൃശൂര്‍ ജില്ലയിലെ ആളൂര്‍, കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് എന്നിവിടങ്ങളില്‍ പോലിസ് സ്റ്റേഷനുകളും നിലമ്പൂര്‍ എടക്കരയില്‍ സര്‍ക്കിള്‍ ഓഫിസും ആരംഭിക്കും. ഒരു സിഐയും മൂന്ന് എസ്‌ഐയും ഉള്‍പ്പെടെ 144 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. കോട്ടയം ജില്ലയിലെ വൈക്കത്ത് പുതിയ ഡിവൈഎസ്പി ഓഫിസ് ആരംഭിക്കും. വൈക്കം, കടുത്തുരുത്തി എന്നീ സിഐ ഓഫിസുകളായിരിക്കും ഡിവൈഎസ്പി ഓഫിസിന്റെ പരിധിയില്‍ വരിക.

വിളപ്പില്‍ശാല, ഹരിപ്പാട്, മഞ്ചേരി, മുക്കം, മാനന്തവാടി, നടുവില്‍ (കണ്ണൂര്‍) എന്നിവിടങ്ങളില്‍ പുതുതായി തുടങ്ങുന്ന ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജുകളില്‍ സീനിയര്‍ ക്ലാര്‍ക്കിന്റെ 6 തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവല്ല ഇടത്തറ വില്ലേജിലെ 1.62 ഏക്കര്‍ സ്ഥലം പൊതുമേഖലാ സ്ഥാപനമായ പിവിസി ലാറ്റക്‌സ് യൂനിറ്റ് തുടങ്ങുന്നതിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. എക്‌സൈസ് വകുപ്പില്‍ ആംനസ്റ്റി പദ്ധതിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി 2016 മാര്‍ച്ച് 31വരെ നീട്ടി നല്‍കും. സാമൂഹിക നീതി വകുപ്പില്‍ ആയമാരുടെ 19 തസ്തികകള്‍ സൃഷ്ടിക്കും. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഈമാസം 19ന് റെയില്‍വേയുമായി ഡല്‍ഹിയില്‍ എംഒയു ഒപ്പിടും. കേരളം വിഭാവനം ചെയ്ത സബര്‍ബന്‍ റെയില്‍, പുതിയ റെയില്‍വേ ലൈനുകള്‍ തുടങ്ങിയവയില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായാണ് എംഒയു ഒപ്പിടുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി, കേരളത്തില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും.

റെയില്‍വേ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 50:50 അനുപാതക്കില്‍ ചെലവ് വഹിക്കണമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍, ഇതിന് മാറ്റം വേണമെന്ന് റെയില്‍വേ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിഹിതം 51 ശതമാനവും കേന്ദ്രവിഹിതം 49 ശതമാനവുമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലക്കാട് കോച്ച് ഫാക്ടറി എംഒയുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫാക്ടറിക്കാവശ്യമായ സ്ഥലം വിട്ടുകൊടുക്കണമെന്നാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, പദ്ധതിക്കായി പങ്കാളിയെ വേണമെന്നാണ് റെയില്‍വേയുടെ നിലപാട്. നേരത്തെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും റെയില്‍വേ പരിഗണിച്ചിരുന്നില്ല. പങ്കാളിയെ കണ്ടെത്തുന്നത് വേഗത്തിലാക്കുമെന്ന് റെയില്‍വേ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it