കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കണം: ഗവര്‍ണര്‍

തൃശൂര്‍: കാര്‍ഷിക ആദായം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയുടെ പുരോഗതിക്കും ഉല്‍പന്നങ്ങള്‍ മൂല്യം വര്‍ധിപ്പിച്ച് വിപണിയിലെത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഗവര്‍ണര്‍ പി സദാശിവം. കാര്‍ഷികോല്‍പന്ന സംസ്‌കരണം മൂല്യവര്‍ധനവ് അടിസ്ഥാനമാക്കി കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രദര്‍ശനവും ശില്‍പശാലയുമായ വൈഗ 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നലെ മുതല്‍ 31 വരെ കാര്‍ഷിക സര്‍വകലാശാല ആസ്ഥാനമായ വെള്ളാനിക്കരയിലാണ് പ്രദര്‍ശനവും ശില്‍പശാലയും സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ കാര്‍ഷിക മേഖലയുടെ സംഭാവന വളരെപ്രധാനമാണ്. എന്നാല്‍, സമീപകാലത്തെ വളര്‍ച്ചാനിരക്ക് അത്രയ്ക്കു ആശാവഹമല്ല. ഗാര്‍ഹിക അടിസ്ഥാനത്തിലും ഗ്രൂപ്പടിസ്ഥാനത്തിലും ഉണ്ടായിട്ടുള്ള മുന്നേറ്റം വളര്‍ച്ചയില്‍ പ്രതിഫലിക്കണമെങ്കില്‍ കാര്‍ഷിക വ്യവസായങ്ങള്‍ ശക്തിപ്രാപിക്കണം.
കാര്‍ഷിക വരുമാനം നികുതിയില്‍ നിന്നും ഒഴിവാക്കേണ്ടത് തന്നെയാണ്. പഴം, പച്ചക്കറി, ഉല്‍പാദന കാര്യത്തില്‍ രാജ്യത്തിന് 2ാം സ്ഥാനമാണുള്ളതെങ്കിലും 15 മുതല്‍ 30 ശതമാനം വരെ വിവിധ കാരണങ്ങളാല്‍ പാഴായിപോവുന്ന അവസ്ഥയാണ്. സംസ്‌കരണത്തിനും ശീതീകരണത്തിനുമുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. സമൂഹത്തില്‍ എത് മേഖലയിലുള്ളവര്‍ക്കും തിരഞ്ഞെടുക്കാവുന്ന തൊഴില്‍ കൃഷി മാത്രമേ ഉള്ളൂ എന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ പരമോന്നത പദവിയിലിരുന്നിട്ടും കൃഷിയോടുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ സ്വന്തം ഗ്രാമത്തിലേക്ക് താമസം മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനീസ്യ, മലേസ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ഉദ്ഘാടന സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍  അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില നേടിക്കൊടുക്കുവാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു. ഒല്ലൂക്കര എംഎല്‍എ കെ രാജന്‍,  മേരി തോമസ്, ഉമാദേവി സംസാരിച്ചു.
Next Story

RELATED STORIES

Share it