Flash News

കാര്‍ഷികമേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം: കേരളത്തിന്റെ വികസനം കാര്‍ഷികമേഖലയുടെ വികസനമാണെന്നും കാര്‍ഷികമേഖലയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക സര്‍ക്കാരിന്റെ പ്രധാനകര്‍ത്തവ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത കര്‍ഷകസംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖല അഭിവൃദ്ധിപ്പെടണമെങ്കില്‍ ഉല്‍പാദനക്ഷമത വര്‍ധിക്കണം. അതിന് നൂതന കാര്‍ഷികരീതികള്‍ സ്വീകരിക്കണം. മറ്റേതു തൊഴിലും പോലെ ലാഭകരമായാല്‍ കാര്‍ഷികവൃത്തിയിലേക്ക് ചെറുപ്പക്കാര്‍ കടന്നുവരും. അതിന് സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരുവര്‍ഷത്തിനിടയില്‍ നെല്ലുല്‍പാദനം നല്ലനിലയില്‍ വര്‍ധിപ്പിക്കാനായി. നെല്‍കൃഷിക്കാരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചു. അവഗണിക്കപ്പെട്ടുപോയ നാളികേരകൃഷിക്കു കൂടുതല്‍ ശ്രദ്ധനല്‍കും. നാളികേരത്തെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കുന്ന പദ്ധതികള്‍ക്കു സര്‍ക്കാര്‍ രൂപംനല്‍കും. കാര്‍ഷികോല്‍പന്ന വിപണനത്തിന് അഗ്രോ മാര്‍ക്കറ്റിങ് രീതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്തത നേടുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന അവസ്ഥയുണ്ടാവണം. എല്ലാ രംഗത്തും കേരളാ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ, കര്‍ഷകസംഘം നേതാക്കളായ കെ വി രാമകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി, അഖിലേന്ത്യാ കിസാന്‍ സഭാ സംസ്ഥാന പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, കര്‍ഷക കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് വേണുഗോപാല്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ തുടങ്ങി വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it