Districts

കാര്‍ലോസ് മര്‍ച്ചേന ബ്ലാസ്‌റ്റേഴ്‌സിന് പ്രയോജനപ്പെടാതെപോയ മാര്‍ക്വീ താരം

ടോമി മാത്യൂ

കൊച്ചി: പീറ്റര്‍ ടെയ്‌ലര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്തുനിന്നു പടിയിറങ്ങിയതിനു പിന്നാലെ ടീമിന്റെ മാര്‍ക്വീ താരമായ സ്‌പെയിനിന്റെ മുന്‍ ലോകകപ്പ് താരം കാര്‍ലോസ് മര്‍ച്ചേനയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. വ്യക്തിപരമായ കാരണങ്ങളാലാണു മര്‍ച്ചേന മടങ്ങിയതെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
സ്‌പെയിനിനുവേണ്ടി ലോകകപ്പും യൂറോ കപ്പും നേടിയ ടീമിലെ അംഗമായിരുന്ന മര്‍ച്ചേനയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പരിക്കിന്റെ പിടിയിലായിരുന്ന മര്‍ച്ചേന കഴിഞ്ഞ എട്ടു കളികളില്‍ ചുരുക്കം കളിയില്‍ മാത്രമാണ് കളിച്ചത്. ഇതാവട്ടെ ആകെ ഒരു മണിക്കൂറില്‍ താഴെ മാത്രമാണുതാനും. കേരള ബ്ലാസ്റ്റേഴ്‌സുമായി മര്‍ച്ചേന കരാറില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ ഇദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നുവെന്നാണു പറയപ്പെടുന്നത്. ഐഎസ്എല്‍ രണ്ടാം സീസണ്‍ തുടങ്ങുന്നതിന്റെ ഭാഗമായി നടന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കവെ പുറംവേദനയെ തുടര്‍ന്ന് മര്‍ച്ചേന ചികില്‍സയ്ക്കായി സ്‌പെയിനിലേക്ക് പോയിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു മല്‍സരം കഴിഞ്ഞ് മര്‍ച്ചേന മടങ്ങിയെത്തിയെങ്കിലും സൈഡ് ബെഞ്ചില്‍ തന്നെയായിരുന്നു താരത്തിന്റെ സ്ഥാനം. മുഖ്യ പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മര്‍ച്ചേന ബ്ലാസ്റ്റേഴ്‌സിലെത്തിയതെന്നും പറയപ്പെടുന്നു. ടീം തുടര്‍ച്ചയായി തോല്‍വിയേറ്റുവാങ്ങിയപ്പോഴും പരിക്കിനെത്തുടര്‍ന്ന് മാര്‍ക്വീ താരം സൈഡ് ബെഞ്ചില്‍ തന്നെയായിരുന്നു.
ഫുള്‍ ടൈം മര്‍ച്ചേനയ്ക്കു കളിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും മര്‍ച്ചേനയെ ടീമിന്റെ ഭാഗമായി കോച്ച് പീറ്റര്‍ ടെയ്‌ലര്‍ എന്തിനു പിടിച്ചുനിര്‍ത്തിയെന്നതാണു കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഉയര്‍ത്തുന്ന ചോദ്യം.
പീറ്റര്‍ ടെയ്‌ലര്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ മര്‍ച്ചേനയുടെ പടിയിറക്കവും ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു. പീറ്റര്‍ ടെയ്‌ലറിന്റെ കീഴില്‍ ബ്ലാസ്റ്റേഴ് ടീമംഗങ്ങള്‍ തൃപ്തരല്ലായിരുന്നുവെന്നാണ് പൂനെയ്‌ക്കെതിരെയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തോടെ വ്യക്തമാവുന്നത്.
പീറ്റര്‍ ടെയ്‌ലറിന്റെ കീഴില്‍ കളിച്ചപ്പോള്‍ കാണാതിരുന്ന ഒത്തിണക്കവും മുന്നേറ്റങ്ങളുമാണ് ടെറി ഫെലാന്റെ കീഴില്‍ ഇന്നലെ പൂനെയ്‌ക്കെതിരേ ബ്ലാസ്റ്റ്‌റ്റേഴ്‌സ് പുറത്തെടുത്തത്. പൂനെയുടെ ഗോള്‍മുഖത്ത് ആക്രമണം വിതച്ചുകൊണ്ടിരുന്നു. ഭാഗ്യത്തിന്റെ ബലംകൂടിയുണ്ടായിരുന്നുവെങ്കില്‍ പൂനെയ്‌ക്കെതിരേ ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ചുരുങ്ങിയത് അര ഡസന്‍ ഗോളിനെങ്കിലും വിജയിക്കുമായിരുന്നു.
Next Story

RELATED STORIES

Share it