Pathanamthitta local

കാര്‍ബേഡ് കലര്‍ന്ന മാമ്പഴവില്‍പന; ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: കാര്‍ബേഡ് കലര്‍ത്തിയ മാമ്പഴ വില്‍പ്പന നാട്ടുകാര്‍ പിടികൂടി. സ്ഥലത്തെത്തിയ പോലിസ് കച്ചവടക്കാരനെ അറസ്റ്റ് ചെയ്യുകയും 150 കിലോഗ്രാമോളം പഴവര്‍ഗങ്ങളും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ പ്രമാടം പാറക്കടവ് പാലത്തിന് സമീപമായിരുന്നു സംഭവം. ആല്‍ ജങ്ഷനു സമീപം വഴിയോരത്ത് നിര്‍ത്തിയിട്ട പെട്ടി ഓട്ടോറിക്ഷയില്‍ കച്ചവടത്തിന് വച്ചിരുന്ന മാമ്പഴത്തില്‍ നിന്നാണ് കാല്‍സ്യം കാര്‍ബൈഡ് പൊതികള്‍ കണ്ടെത്തിയത്. വാഴമുട്ടം സ്വദേശിനി സിന്ധു മാമ്പഴം തിരയുന്നതിനിടെയാണ് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തിയത്. ഇതേ ചൊല്ലി കച്ചവടക്കാരനുമായി തര്‍ക്കമുണ്ടായതോടെ സിന്ധു വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ വെളുത്ത പൊടിയടങ്ങിയ കൂടുതല്‍ പായ്ക്കറ്റുകള്‍ കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പരാതിക്കാരിയോടും നാട്ടുകാരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പത്തനംതിട്ട ഫുഡ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി ഹരിലാലിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബേഡ് ഉപയോഗിച്ച പഴവര്‍ഗങ്ങളാണ് വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കച്ചവടക്കാരന്‍ ഷാഹുല്‍ ഹമീദിനെ പോലിസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ ഉണ്ടായിരുന്ന ഒന്നര ടണ്‍ പഴവര്‍ഗങ്ങള്‍ കസ്റ്റഡിയിലെടുത്ത് നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it