wayanad local

കാര്‍ബണ്‍ തുലിത പദ്ധതി പ്രഖ്യാപനം സംവാദസദസ്സാക്കി തോമസ് ഐസക്

കല്‍പ്പറ്റ: 'എന്താണ് കാര്‍ബണ്‍ തുലിതമെന്ന് ആര്‍ക്കെങ്കിലും പറയാമോ?' ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രസംഗത്തിന്റെ തുടക്കത്തില്‍തന്നെ ചോദ്യമെറിഞ്ഞപ്പോള്‍ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നെ, ഒട്ടും മടിക്കാതെ ഒരു കൊച്ചുമിടുക്കന്‍ സദസ്സിന്റെ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു, 'ഞാന്‍ പറയാം സര്‍...' വേദിയില്‍ തനിക്കരികിലേക്ക് ആ വിദ്യാര്‍ഥിയെ വിളിച്ച് തോമസ് ഐസക് മൈക്ക് കൊടുത്തു. 'ഇവര്‍ക്ക് അതെന്താണെന്ന് ഒന്നു പറഞ്ഞു കൊടുക്കൂ' തന്റെ തോളില്‍ പിടിച്ച് ചിരിച്ചുകൊണ്ട് സ്‌നേഹത്തോട് നിര്‍ദേശം നല്‍കിയ മന്ത്രിയെ ഒന്നു നോക്കി മേപ്പാടി ജിഎച്ച്എസിലെ പി എസ് ഷാരുണ്‍ കാര്‍ബണ്‍ തുലിതം അഥവാ കാര്‍ബണ്‍ ന്യൂട്രല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്തെന്നു സദസ്സിനു വിശദീകരിച്ചു. പിന്നെ ചോദ്യം ആഗോള താപനത്തെപ്പറ്റിയായി. അതിനു മറുപടി പറഞ്ഞത് മീനങ്ങാടി ജിഎച്ച്എസ്എസിലെ സൂര്യ എ ജയനായിരുന്നു. ഒപ്പം അതേ സ്‌കൂളിലെ സ്റ്റെഫിന്‍ സാബുവിനും മന്ത്രിക്കൊപ്പം അവസരം കിട്ടി. മൂവരോടും ഓരോ കാര്യത്തെപ്പറ്റിയും ചോദ്യങ്ങള്‍ ചോദിച്ച് ആഗോള താപനത്തെയും കാര്‍ബണ്‍ തുലിതത്തെപ്പറ്റിയും ലളിതമായി സദസ്സില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു മന്ത്രി. വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ക്കെല്ലാം അതൊരു മികച്ച സംവാദ സദസ്സും പഠനക്ലാസുമായി മാറി. ഉത്തരവുമായി വേദിയിലെത്തിയ മൂന്നു പേര്‍ക്കും തിരുവനന്തപുരത്തെ ഓഫിസില്‍ നിന്ന് താന്‍ കൈയൊപ്പിട്ട പുസ്തകം അയച്ചുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാന്‍ എന്താണ് മാര്‍ഗമെന്നായി മന്ത്രിയുടെ ചോദ്യം. അതിന് ഉത്തരവുമായി എത്തിയത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല ദിനേഷ് ബാബു.
മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് മേഖലയെ രാജ്യത്തെ ആദ്യ കാര്‍ബണ്‍ തുലിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിനായി ഗ്രാമപ്പഞ്ചായത്തും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് പാതിരിപ്പാലത്ത് സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങാണ് മന്ത്രി സംവാദവേദിയാക്കി മാറ്റിയത്. ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറച്ച്, ആഗോളതാപനത്തെ ചെറുക്കുന്നതിനായി വികസന പ്രക്രിയകളെ ക്രമീകരിക്കുന്നതിനെയാണ് 'കാര്‍ബണ്‍ തുലിത വികസനം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പഞ്ചായത്തിലെ വിവിധങ്ങളായ വ്യാവസായിക-സാമൂഹിക- സാമ്പത്തിക വികസന ജീവിത പ്രക്രിയകളിലൂടെ ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും മറ്റ് കാര്‍ബണ്‍ വാതകങ്ങളുടെയും അളവ് സര്‍വേയിലൂടെ നിശ്ചയിച്ച് പരിസ്ഥിതി സൗഹൃദ ക്രമീകരണങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ കാര്‍ബണ്‍ തുലിത വികസനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ എല്ലാ മേഖലകളിലും ഇടപെട്ട്, മുഴുവന്‍ ആളുകള്‍ക്കും ജീവിതസാഹചര്യവും വരുമാന വര്‍ധനവും ഉറപ്പാക്കി സുസ്ഥിര വികസനം സാധ്യമാക്കാനും ഇതിലൂടെ സാധിക്കും. കണ്ണൂര്‍ സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും തണല്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് സര്‍വേയും മറ്റ് പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നത്. എംഎസ്എസ്ആര്‍എഫ് ഉള്‍പ്പെടെ ജില്ലയില്‍ പ്രകൃതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുടെയും സേവനവും പങ്കാളിത്തവും ഇതിനായി ഉപയോഗിക്കുന്നുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായിരിക്കും അടിസ്ഥാന വിവരശേഖരണവും പദ്ധതി പ്രവര്‍ത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തുക. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നു മന്ത്രി വ്യക്തമാക്കി. കൊളഗപ്പാറ മലനിരകള്‍ സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് വിഭാഗം ചെയ്ത ടൂറിസം പദ്ധതിക്കായി റവന്യൂ ഭൂമി വിട്ടുകിട്ടുന്നതിന് ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയ റിപോര്‍ട്ടും നിവേദനവും വിദ്യാര്‍ഥികള്‍ വഴിയാണ് മന്ത്രിക്ക് കൈമാറിയത്.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ പരിസ്ഥിതിദിന സന്ദേശം നല്‍കി. പുഴയോര മുളവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it