കാര്‍ത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സിബിഐ പ്രത്യേക കോടതി മൂന്ന് ദിവസത്തേക്കു കൂടി നീട്ടി. ഇന്നലെ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ കാര്‍ത്തിയെ ഒമ്പതു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ ശക്തമായ തെളിവ് കാര്‍ത്തിക്കെതിരേ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു.
കാര്‍ത്തി ചിദംബരത്തിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജി ഇന്നലെ കോടതി തള്ളി. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതോടെയാണ് കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്ക് കൂടി നീട്ടിയത്. പി ചിദംബരവും ഭാര്യ നളിനി ചിദംബരവും ഇന്നലെ അഭിഭാഷകനോടൊപ്പം ഹാജരായിരുന്നു.
അതിനിടെ, ഐഎന്‍എക്‌സ് എയര്‍സെല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി ഇഡിക്ക് നോട്ടീസയച്ചു. എന്നാല്‍ ഇഡി അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്ന ആവശ്യം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. കേസ് ഈ മാസം എട്ടിന് വീണ്ടും പരിഗണിക്കും.
കേസില്‍ സിബിഐ കസ്റ്റഡി അവസാനിക്കുന്നതോടെ കാര്‍ത്തി ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമെന്നും അതില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്നും കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അനുച്ഛേദം 32ന്റെ അടിസ്ഥാനത്തില്‍ ഹരജി ഫയല്‍ ചെയ്ത നിലപാടിനെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദ്യം ചെയ്തു. ഇതോടെ വിഷയത്തില്‍ കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കാതെ കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടീസയക്കുകയും കേസ് ഈ മാസം എട്ടിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it