Middlepiece

കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും സുഹൃത്തുക്കളുടെയും സ്ഥാപനങ്ങളില്‍ റെയ്ഡ്. ആദായനികുതി ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് ഒരേസമയം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.
കാര്‍ത്തി ചിദംബരത്തെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ആക്ഷേപമുണ്ട്. മൂന്നു കമ്പനികളിലാണ് പരിശോധന നടത്തിയതെന്ന് അറിയിച്ച ആദായനികുതി ഉദ്യോഗസ്ഥര്‍, ക്രമക്കേടുകള്‍ കണ്ടെത്തിയോ എന്ന കാര്യം വ്യക്തമാക്കിയില്ല. കമ്പനികള്‍ നികുതിവെട്ടിപ്പ് നടത്തിയെന്നു സംശയിച്ചാണ് റെയ്ഡ് നടത്തിയത്. എയര്‍സെല്‍-മാക്‌സിസ് കേസുമായി ബന്ധപ്പെട്ട ഹവാലയിടപാട് സംബന്ധിച്ച് അറിയാന്‍ കാര്‍ത്തിയുമായി ബന്ധമുള്ള കമ്പനി അഡ്വാന്റേജ് സ്ട്രാറ്റജിക്കിലെ രണ്ടു ഡയറക്ടര്‍മാരെ കഴിഞ്ഞ ആഗസ്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചിരുന്നു. അഡ്വാന്റേജ് സ്ട്രാറ്റജികില്‍ നിന്ന് 26 ലക്ഷം രൂപ എയര്‍സെല്ലിലേക്ക് അയച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. എയര്‍സെല്‍-മാക്‌സിസ് ഇടപാട് എന്‍ഫോഴ്‌സ്‌മെന്റും സിബിഐയുമാണ് അന്വേഷിക്കുന്നത്.
റെയ്ഡിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത് തന്നെയാണെന്നു പി ചിദംബരം കുറ്റപ്പെടുത്തി. തന്നെ ലക്ഷ്യമിടുന്നവര്‍ മകനെയോ സുഹൃത്തുക്കളെയോ പീഡിപ്പിക്കുകയല്ല വേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയം നേരിടാന്‍ തയ്യാറാണ്. പരിശോധന നടന്ന സ്ഥാപനങ്ങളിലൊന്നും തന്റെ കുടുംബത്തിനു ബന്ധമില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it