Kottayam Local

കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇ പോസ് യന്ത്രം വഴി റേഷന്‍ വാങ്ങാം

ചങ്ങനാശ്ശേരി: താലൂക്കിലെ 168 റേഷന്‍ കടകള്‍ക്കും ഇനി മുതല്‍ ഇ പോസ് യന്ത്രം വഴി റേഷന്‍ സാധാനങ്ങള്‍ വാങ്ങാം. അതിനായുള്ള ഇ പോസ് യന്ത്രം ചങ്ങനാശ്ശേരിയുടെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ വിതരണം ആരംഭിച്ചു.
ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു  റേഷന്‍ വ്യാപാരികള്‍ക്കും കാര്‍ഡ് ഉടമകള്‍ക്കും  പരിശീലന ക്ലാസ് സംഘടിപ്പിച്ച ശേഷമാണ് ഇവ വിതരണം ചെയ്തത്. തിരുവനന്തപുരത്തുള്ള വിഷന്‍ടെക് എന്ന സ്ഥാപനമാണ് യന്ത്രം തയ്യാറാക്കിയത്.
ചങ്ങനാശ്ശേരി നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് എന്നീ പരിധികളിലെ റേഷന്‍ വ്യാപാരികള്‍ക്കും  സെയില്‍സ്മാന്‍മാര്‍ക്കുമാണ് മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ പരിശീലനവും യന്ത്രവിതരണവും സംഘടിപ്പിച്ചത്.  തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തുകളിലെ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കുമുള്ള പരിശീലനവും യന്ത്രവിതരണവും മാടപ്പള്ളി സഹകരണബാങ്കിന്റെ തെങ്ങണാ ശാഖാ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഇ പോസ് യന്ത്രം സ്ഥാപിച്ചു പ്രവര്‍ത്തനം തുടങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരുന്നത്.  എന്നാല്‍ ഈ പരിശീലന ക്ലാസില്‍ പങ്കെടുക്കാതെ  മാറിനില്‍ക്കുന്ന റേഷന്‍ വ്യാപാരികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈ ഓഫിസര്‍ അധികൃതര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഓരോ റേഷന്‍ കടയിലേയും കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഇപോസ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കും റേഷന്‍ കടയിലെത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങാം. ഇവരുടെ തള്ളവിരല്‍ യന്ത്രത്തില്‍ അമര്‍ത്തുമ്പോള്‍ അനുവദിച്ചിരിക്കുന്ന സാധനങ്ങള്‍, തൂക്കം, വില എന്നിവ യന്ത്രം മലയാളത്തില്‍ പറയുകയും ഇവ സംബന്ധിച്ച വിവരങ്ങളും വാങ്ങുന്ന സാധനങ്ങളുടെ മലയാളത്തിലുള്ള ബില്ലും  പ്രിന്റു ചെയ്തു തരികയും ചെയ്യും.
ഇതിലൂടെ ഉപഭോക്താവിനു അനുവദിച്ചിരിക്കുന്ന സാധനങ്ങള്‍ സംബന്ധിച്ച വ്യക്തതയും  ഇവ വാങ്ങാനുള്ള അവകാശവും വ്യക്തമാകും.  കൂടാതെ കാര്‍ഡുടമ വഞ്ചിക്കപ്പെടാത്ത അവസ്ഥയും സംജാതമാകും.  സാധനങ്ങളുടെ അളവും തൂക്കവും സുതാര്യമാക്കുന്നതിനായി  ഇലക്‌ട്രോണിക് ത്രാസും പിന്നീട് ഇപോസ് യന്ത്രത്തില്‍ ഘടിപ്പിക്കും.
സംസ്ഥാനത്തെ ഏതു റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങത്തക്കവിധം ഇപോസ് യന്ത്രങ്ങള്‍ തമ്മില്‍ ഇന്റര്‍നെറ്റ് ബന്ധവും സജ്ജമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it