കാര്‍ട്ടൂണുകളുടെ കൗതുകക്കാഴ്ചയൊരുക്കി കൊച്ചിയില്‍ കാരിടൂണ്‍ മേള

കൊച്ചി: ഒരു ഭാഗത്ത് ചെങ്കൊടിയുമായി ചിരിച്ചു നീങ്ങുന്ന പിണറായി വിജയന്‍, മറ്റൊരു ഭാഗത്ത് താമരപ്പൂവുമായി നരേന്ദ്ര മോദി, ഇടയ്ക്ക് ട്വിറ്ററിന്റെ നീലക്കിളിയെയും പിടിച്ച് ചമ്രം പടിഞ്ഞിരിക്കുന്ന രാഹുല്‍ ഗാന്ധി. കൗതുകം നിറഞ്ഞ കാരിക്കേച്ചറുകളായി പ്രശസ്ത വ്യക്തികള്‍ പാര്‍ക്കില്‍ നിരന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ദേശീയ കാര്‍ടൂണ്‍ കാരിക്കേച്ചര്‍ മേള കാരിടൂണിന്റെ ഭാഗമായാണ് 500 കാരിക്കേച്ചറുകളുടെ പ്രദര്‍ശന നഗരിയായി എറണാകുളം സുഭാഷ് പാര്‍ക്ക് മാറിയത്. എ ആര്‍ റഹ്മാന്‍, മന്‍മോഹന്‍ സിങ്, പ്രണബ് മുഖര്‍ജി, ഇന്ദിരാഗാന്ധി, മമ്മൂട്ടി, മോഹന്‍ലാല്‍, വി എസ് അച്യുതാനന്ദന്‍, കെ എം മാണി, യേശുദാസ് തുടങ്ങിയ വ്യക്തികളുടെ പ്രത്യേകതകള്‍ സൂക്ഷ്മമായി വരച്ചിട്ടിരിക്കുന്നു. വേനലവധിക്കാലം ചെലവഴിക്കാന്‍ നഗരത്തിലിറങ്ങിയ ജനങ്ങള്‍ക്ക് മറ്റൊരു ആഹ്ലാദവിരുന്നായി കാരിട്ടൂണ്‍ മേള മാറി. ചിത്രകാരന്മാരുടെ മുന്നിലെത്തിയ പലരും ഞൊടിയിടയില്‍ ചിത്രമായി. വൈകീട്ട് സുഭാഷ് പാര്‍ക്കില്‍ നടന്ന ലൈവ് കാരിക്കേച്ചര്‍ ഷോയില്‍ നിരവധി പേരുടെ കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ വരച്ചുനല്‍കി. രതീഷ് രവി, സജീവ്, അനൂപ് രാധാകൃഷ്ണന്‍, മധൂസ്, സിനിലാല്‍, ജെയിംസ് മണലോടി എന്നിവര്‍ക്കൊപ്പം ഹൈദരാബാദില്‍ നിന്നുള്ള സുഭാനി(ഡെക്കാന്‍ ക്രോണിക്കിള്‍), തെലങ്കാനയില്‍ നിന്നുള്ള ശങ്കര്‍(സാക്ഷി), ഡല്‍ഹിയില്‍ നിന്നുള്ള മനോജ് സിന്‍ഹ(ഹിന്ദുസ്ഥാന്‍ ടൈംസ്) എന്നിവരും ലൈവ് ഷോയില്‍ പങ്കെടുത്തു. നഗരത്തിലെ ആറു വേദികളില്‍ ഹാസ്യത്തിന്റെ പല തലങ്ങള്‍ തേടുന്ന രചനകള്‍ നിരന്നതോടെ കൊച്ചി അക്ഷരാര്‍ഥത്തില്‍ കാ ര്‍ട്ടൂണ്‍ നഗരമായി മാറി. കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കുന്ന ദര്‍ബാര്‍ഹാള്‍ ഗാലറിയില്‍ നിരവധി പേര്‍ തിരഞ്ഞെടുപ്പു തമാശകള്‍ ആസ്വദിക്കാനെത്തി.  എറണാകുളം പ്രസ്‌ക്ലബ്ബിലാണ് സീനിയര്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ക്ലാസിക് രചനകളുടെ പ്രദര്‍ശനം നടക്കുന്നത്.
Next Story

RELATED STORIES

Share it