കാര്‍ട്ടൂണിസ്റ്റ് സുധീര്‍ തൈലാങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് പത്മശ്രീ സുധീര്‍ തൈലാങ് (55) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ ഉച്ചയോടെയായിരുന്നു. രണ്ടു വര്‍ഷമായി അര്‍ബുദബാധിതനാണ്. സംസ്‌കാരം ഇന്ന് നടക്കും.
1960ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ ജനിച്ച സുധീര്‍ 10 വയസ്സ് മുതലേ കാര്‍ട്ടൂണ്‍ വരയ്ക്കുമായിരുന്നു. മുംബൈയിലെ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലൂടെ 22ാം വയസ്സിലാണ് അദ്ദേഹം തന്റെ കാര്‍ട്ടൂണ്‍ കരിയറിനു തുടക്കം കുറിച്ചത്. തൊട്ടടുത്ത വര്‍ഷം ഡല്‍ഹിയില്‍ നവഭാരത് ടൈംസില്‍ ചേര്‍ന്ന സുധീര്‍ പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യന്‍ ഏജ് തുടങ്ങി പ്രധാന ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. കാര്‍ട്ടൂണ്‍ രചനയിലെ സംഭാവനകള്‍ക്ക് സുധീറിനു 2004ല്‍ പത്മശ്രീ ലഭിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കുറിച്ചുള്ള സുധീറിന്റെ കാര്‍ട്ടൂണുകളുടെ സമാഹാരം ''നോ, പ്രൈം മിനിസ്റ്റര്‍'' എന്ന പേരില്‍ 2009ല്‍ പ്രസിദ്ധീകരിച്ചിരുന്നു.
സുധീര്‍ തൈലാങിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ അനുശോചിച്ചു. നല്ലൊരു ഉപദേശകനെയും ഗുണകാംക്ഷിയെയുമാണ് തൈലാങിന്റെ വിയോഗത്തിലൂടെ കേരള കാര്‍ട്ടൂണ്‍ അക്കാദമിക്കു നഷ്ടപ്പെട്ടതെന്ന് അക്കാദമി സെക്രട്ടറി സുധീര്‍നാഥ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it