ernakulam local

കാര്‍ഗോ ലോറി ഡ്രൈവറെ മര്‍ദിച്ച ട്രാഫിക് എസ്‌ഐക്കെതിരേ അന്വേഷണം

ആലുവ: ആലുവ പറവൂര്‍ കവല ദേശീയപാതയില്‍  ട്രക്ക് ബേയില്‍ പാര്‍ക്ക് ചെയ്ത കാര്‍ഗോ ലോറിയുടെ ചില്ലുടക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ട്രാഫിക് എസ്‌ഐക്കെതിരേ അന്വേഷണം നടത്താന്‍ എറണാകുളം റൂറല്‍ എസ്പി  ഉത്തരവിട്ടു.മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ റൂറല്‍ എസ്പി ആവശ്യപ്പെട്ടത്. അതേസമയം മര്‍ദനത്തിനെതിരേ പരസ്യമായി പ്രതികരിച്ചതിന് പ്രതികാര നടപടിയെന്നോണം കഴിഞ്ഞ ദിവസവും ട്രക്ക്‌ബേയില്‍ പാര്‍ക്ക് ചെയ്ത ലോറികളുടെ രേഖകള്‍ ട്രാഫിക് എസ്‌ഐ പിടിച്ചെടുത്തെന്നാരോപിച്ച് ഡ്രൈവര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ആലുവ പറവൂര്‍ കവല ദേശീയപാതയില്‍ ട്രക്ക് ബേയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ഗോ ലോറിയുടെ ഡ്രൈവറെയാണ് ആലുവ ട്രാഫിക് എസ്‌ഐ മുഹമ്മദ് കബീര്‍ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നത്. വാഹനത്തില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവറെ എസ്‌ഐ വിളിച്ചപ്പോള്‍ പുറത്തിറങ്ങാന്‍ വൈകിയെന്ന പേരിലായിരുന്നു മര്‍ദനം. ലോറിയുടെ ഡോര്‍ ചില്ലുകള്‍ എസ്‌ഐ അടിച്ച് തകര്‍ത്തതായി ആരോപണമുയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് ട്രാഫിക് എസ്‌ഐക്കെതിരേ അനേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജ് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി യോടാവശ്യപ്പെട്ടു. ലോറി നിര്‍ത്തിയിട്ടിരുന്നത് അംഗീകൃത പാര്‍ക്കിങ് ബേയിലാണോയെന്ന് പരിശോധിക്കുമെന്നും റിപോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാരനെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയും നിയമനടപടിയും കൈക്കൊള്ളമെന്നും റൂറല്‍ എസ്പി പറഞ്ഞു. എസ്‌ഐയുടെ അതിക്രമത്തിനെതിരേ പരസ്യമായി പരാതി പറഞ്ഞതിന്റെ പേരില്‍ ഇവിടെ പാര്‍ക്ക് ചെയ്ത ലോറിക്കാരുടെ രേഖകള്‍ ഇന്നലെയും ട്രാഫിക് എസ്‌ഐയുടെ നേതൃത്വത്തില്‍  പിടിച്ചെടുത്തതായി പരാതിയുണ്ട്.20 ലധികം ലോറികള്‍ പാര്‍ക്ക് ചെയ്യാവുന്ന വിധത്തില്‍ ദേശീയപാത അധികൃതര്‍ വീതി കൂട്ടി ടാര്‍ ചെയ്ത് പ്രത്യേകം ബോര്‍ഡ് സ്ഥാപിച്ച പാര്‍ക്കിങ് ഗ്രൗണ്ടാണിതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. പോലിസ് അസോസിയേഷന്‍ നേതാവ് കൂടിയായ ട്രാഫിക് എസ്‌ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it