Districts

കാരുണ്യ വഴിയില്‍ ഓട്ടോ ഓടിച്ച് ഒരു കൂട്ടം ഡ്രൈവര്‍മാര്‍

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: ജീവിത പ്രതിസന്ധികള്‍ക്കിടയിലും കാരുണ്യത്തിന്റെ വഴിയേ ഓട്ടോ ഓടിക്കുകയാണ് കല്‍പ്പറ്റയിലെ ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍. ഇന്നലെ ഓട്ടോ ഓടിക്കിട്ടിയ വരുമാനം മുഴുവന്‍ നിര്‍ധന രോഗികള്‍ക്കായി നീക്കിവച്ചാണ് ഇവര്‍ മാതൃകയായത്.
ദിവസക്കൂലിക്ക് ഓട്ടോറിക്ഷ ഓടിക്കുന്നവരും ദൈനംദിന വരുമാനത്തിലെ ഒരു വിഹിതം ബാങ്ക് ലോണിലേക്കും മറ്റും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരുമായ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരാണ് കാരുണ്യത്തിന്റെ പുതുമാതൃക തീര്‍ത്തത്. കല്‍പ്പറ്റ ഓട്ടോ ഫ്രന്‍ഡ്‌സ് സ്വാശ്രയ സംഘത്തിന് കീഴിലെ 15 അംഗങ്ങള്‍ ഇന്നലെ ഓട്ടോറിക്ഷ നിരത്തിലിറക്കിയത് ഇരുവൃക്കകളും തകരാറിലായി ചകില്‍സയ്ക്ക് യാതൊരു ഗതിയുമില്ലാതെ നരകിക്കുന്ന മാണ്ടാട് സ്വദേശി സുലൈമാന് വേണ്ടിയാണ്. ഇന്ധന ചെലവ് പോലും കൈയില്‍ നിന്നെടുത്തായിരുന്നു ഓട്ടം.ഓട്ടോറിക്ഷയില്‍ 'ഞങ്ങളുടെ ഇന്നത്തെ ഓട്ടം സുലൈമാന്‌വേണ്ടി'എന്ന് നോട്ടീസ് പതിച്ചിരുന്നു. നോട്ടീസ് കണ്ട യാത്രക്കാരും പിന്തുണയുമായെത്തി. ഇതോടെ, പതിവിലും കൂടുതല്‍ കലക്ഷന്‍ നേടാനുമായി.
2012ല്‍ നിലവില്‍ വന്ന സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു രോഗിക്ക് പണം സ്വരൂപിച്ചു നല്‍കിയിരുന്നു. ഓട്ടോ തൊഴിലാളികളായ അംഗങ്ങള്‍ക്ക് വായ്പാ വിതരണം, ചികില്‍സാ സഹായം എന്നിവയും നടത്തിവരുന്നു. പിണങ്ങോട് സ്വദേശി ഹാരിസ് പ്രസിഡന്റും ജയപ്രകാശ് സെക്രട്ടറിയുമായ സംഘത്തിന് ഇനിയുമേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വരുമാനം ലക്ഷ്യമിട്ട് വിവിധ കൂട്ടുകൃഷികള്‍ ഉള്‍പ്പെടെ ആരംഭിക്കാനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it