Kottayam Local

കാരുണ്യ പദ്ധതി : ജില്ലയില്‍ വിതരണം ചെയ്തത് 64.25 കോടിയുടെ ചികില്‍സാ സഹായം



കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ കാരുണ്യ പദ്ധതി പ്രകാരം നിര്‍ധനരായ 5,394 രോഗികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 64.25 കോടിയുടെ ധനസഹായം വിതരണം ചെയ്തതായി ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ അറിയിച്ചു. കാന്‍സര്‍, വൃക്കരോഗങ്ങള്‍, തുടങ്ങിയ  ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് പദ്ധതിക്കു കീഴില്‍ ധനസഹായം അനുവദിക്കുക. ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയും സമ്മാന വിതരണവും കാര്യക്ഷമമാക്കുന്നതിനായി വൈക്കത്ത് പുതുതായി ഒരു സബ് ഓഫിസും വകുപ്പിനു കീഴില്‍ പ്രവര്‍ത്തനമാരാംഭിച്ചിട്ടുണ്ട്. പുതിയ ഓഫിസ് ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ടിക്കറ്റ് വില്‍പ്പന ഊര്‍ജിതപ്പെടുത്താനും അതുവഴി സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.ഭാഗ്യക്കുറി ക്ഷേമ നിധിക്കു കീഴില്‍ ആകെ 1.61 കോടിയുടെ സഹായധനമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ വിതരണം ചെയ്തത്. ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ബോണസ് ഇനത്തില്‍ മാത്രം 1.28 കോടി രൂപ വിതരണം ചെയ്യാനായി. പെന്‍ഷനായി 13.93 ലക്ഷം രൂപയും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി 1.77 ലക്ഷം രൂപയും വിതരണം ചെയ്തു. മരണാനന്തര ധനസഹായമായി 16.49 ലക്ഷം രൂപയും ക്ഷേമനിധി അംഗങ്ങളുടെ പഠനത്തില്‍ മികവു പുലര്‍ത്തിയ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിനായി 18,000 രൂപയും ചെലവഴിച്ചു.തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ വിവാഹത്തിനുള്ള ധനസഹായമായി 65,000 രൂപയും ചികില്‍സാ ധനസഹായമായി 20,000 രൂപയും പ്രസവാനുകൂല്യമായി 10,000 രൂപയും ഇക്കാലയളവില്‍ ചെലവഴിച്ചിട്ടുണ്ടെന്നും ഭാഗ്യക്കുറി ഓഫിസര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it