Gulf

കാരുണ്യം സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യം: എം.എം. അക്ബര്‍

കാരുണ്യം സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യം: എം.എം. അക്ബര്‍
X


ദുബൈ: മനുഷ്യസമൂഹത്തിന്റെ നിലനില്‍പിന്റെ ആധാരമാണ് കാരുണ്യമെന്നും നീതിയിലധിഷ്ടിതമായ നിയമവ്യവസ്ഥയും കാരുണ്യത്തിലധിഷ്ടിതമായ സാമൂഹികക്രമവും നിര്‍ഭയത്വവും സുരക്ഷിതത്വവുമുള്ള മനുഷ്യജീവിതത്തിന് അനിവാര്യമാണെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ പ്രസ്താവിച്ചു. 21ാമത്  ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സഹകരണത്തോടെ ദുബൈ അല്‍നസര്‍ ലിഷര്‍ലാന്റില്‍വെച്ച് നടത്തിയ പരിപാടിയില്‍ ഖുര്‍ആന്‍; കാരുണ്യത്തിന്റെയും നീതിയുടെയും എന്ന വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും പട്ടിണി മരണവും കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കെ  ലക്ഷങ്ങളുടെ ഭക്ഷണം പാഴാക്കിക്കളയുകയും കോടികളുടെ ചൂതാട്ടം നടത്തുകയും ചെയ്യുന്നത് മനുഷ്യമനസ്സിലെ കാരുണ്യം വറ്റിവരളുന്നതിന്റെ ഭയാനകമായ അവസ്ഥയാണ്  നമ്മെ ബോധ്യപ്പെടുത്തുന്നത്. കാരുണ്യത്തിന്റെ ഉറവിടമായ സൃഷ്ടികര്‍ത്താവിനെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് മാത്രമെ സഹജീവികളോട്  നിഷ്‌കളങ്കമായ കാരുണ്യം കാണിക്കാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

നിയമം കയ്യിലെടുത്ത്  തെരുവില്‍  വൈകാരികമായി പ്രതികരിക്കുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും  സാമുദായികദ്രുവീകരണത്തിന് വളംവെച്ചുകൊടുക്കുന്നതരത്തില്‍ പ്രതിഷേധങ്ങള്‍ വഴിമാറരുതെന്നും  ഹാദിയ വിഷയത്തില്‍വന്ന ഹൈക്കോടതിവിധിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന പൗരന്റെ അവകാശമായി അംഗീകരിച്ച മതസ്വാതന്ത്ര്യവും മൗലികാവകാശവുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട ഈ വിഷയത്തിന് നിയമപരമായ പോരാട്ടത്തിനും ബുദ്ധിപരമായ നീക്കങ്ങള്‍ക്കുമാണ് മുസ്‌ലിം സംഘടനകള്‍ നേതൃത്വം നല്‍കേണ്ടത്. ലൌജിഹാദ് വിഷയത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുമ്പ് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണെന്നും  മതപരിവര്‍ത്തനവുമായി  ഇത്തരം കേസുകള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


വിശുദ്ധ ഖുര്‍ആനിന്റെ പ്രചോദനം ഉള്‍ക്കൊണ്ട  അബുല്‍ കലാം ആസാദിന്റെയും വക്കം മൗലവിയുടെയുമൊക്കെ സ്വാതന്ത്ര്യപോരാട്ടത്തിലും തുടര്‍ന്ന് ഭരണഘടനാനിര്‍മ്മാണത്തിലും സ്വാതന്ത്രാനന്തര ഭാരതത്തിന്റെ നിര്‍മ്മിതിക്കും നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  രാഷ്ട്രപുനര്‍നിര്‍മ്മിതിയില്‍ സാധ്യമായ പങ്ക് വഹിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. പ്രപഞ്ചനാഥന്‍ പ്രകൃതി്ക്ക് ഒരു ഭക്ഷണശൃംഗല സൃഷ്ടിച്ചിട്ടുണ്ട്  ഭൂമുഖത്തെ സസ്യജന്തുജാലങ്ങളുടെ ആചംക്രമണമാണ് പ്രകൃതിയുടെ നിലനില്‍പ്പ്. ആയിരക്കണക്കിന് വരുന്ന ജന്തുജാലങ്ങള്‍ക്ക് രണ്ടാലൊരു ഭക്ഷണദന്തദഹനക്രമം മാത്രം നല്‍കിയപ്പോള്‍ മനുഷ്യരെ മിശ്രബുക്കായി ജീവിക്കാന്‍ പാകത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നതുതന്നെ സമീപകാലത്തെ കന്നുകാലി വിവാദത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം ബോധ്യപ്പെടുത്തി.


നീതിയെന്നത് കേവലപ്രഖ്യാപനത്തിലൊതുക്കാതെ അതിന്റെ പ്രായോഗികത മുഹമ്മദ് നബിയുടെ ജീവിതത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തിട്ടുള്ളതെന്ന് സുബൈര്‍ പീടിയേക്കല്‍ പ്രസ്താവിച്ചു.  ഖുര്‍ആന്‍; കാരുണ്യത്തിന്റെയും നീതിയുടെയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കള്‍ക്ക് പോലും മുഹമ്മദ് നബി തങ്ങളോട് അന്യായമോ അനീതിയോ  കാണിക്കില്ലെന്ന ഉറച്ചബോധ്യം ലഭിച്ചത് വിശുദ്ധ ഖുര്‍ആനിന്റെ നീതിയുടെ നേര്‍സാക്ഷ്യമാണ്. സംരക്ഷണചുമതല ഏറ്റെടുത്തുകൊണ്ട് ജൂതസമൂഹം ഉള്‍പ്പെടെയുള്ളവരുമായി അവരുടെ മതസ്വാതന്ത്ര്യം ഉള്‍പ്പെടെ അനുവദിച്ചുകൊണ്ട് പ്രവാചകന്‍ മുഹമ്മദ് നബി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  മുഹമ്മദ് നബി(സ)യുടെ മദീനാജീവിതകാലഘട്ടത്തില്‍ നടന്ന യുദ്ധങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നു. സ്വന്തം പ്രജകളുടെ നിലനില്‍പിനും സുരക്ഷിതത്വത്തിനും വേണ്ടി  നടത്തിയ പ്രതിരോധമായിരുന്നു മിക്ക യുദ്ധങ്ങളും. ആധുനിക രാജ്യങ്ങള്‍ക്ക് യുദ്ധരംഗത്ത് പാലിക്കേണ്ടുന്ന മര്യാദകള്‍ രൂപപ്പെടുത്തുവാന്‍ 1945ല്‍ നിലവില്‍വന്ന ജനീവകരാര്‍വരെ കാത്തുനില്‍ക്കേണ്ടിവന്നുവെങ്കില്‍ 1400 വര്‍ഷങ്ങള്‍ക്ക്മുമ്പ് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും അനീതിയുടെയും അതിക്രമങ്ങളുടെയും എല്ലാ പഴുതുകളും അടച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പബ്ലിക് റിലേഷന്‍ ഡെപ്യൂട്ടി ഹെഡ് ഖാലിദ് അല്‍മര്‍സൂഖി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി എ ഹുസൈന്‍ സ്വാഗതവും അഹ്മദ് കുട്ടി മദനി നന്ദിയും പറഞ്ഞു. വി കെ സക്കരിയ ചോദ്യോത്തര സെക്ഷന്‍ നിയദ്രിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ പ്രഭാഷണം ശ്രവിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.







Next Story

RELATED STORIES

Share it