Districts

കാരായിമാര്‍ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍:  ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാരായി രാജന്‍ പാട്യം ഡിവിഷനില്‍ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ നേതാക്കള്‍ക്കൊപ്പം കണ്ണൂര്‍ കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ മുമ്പാകെ രാജന്‍ മൂന്നു സെറ്റ് പത്രിക നല്‍കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ലീലയാണ് ഡമ്മി സ്ഥാനാര്‍ഥി. കഥാകൃത്ത് ടി പത്മനാഭന്‍, സി.പി.എം. എറണാകുളം ഇരുമ്പനം ലോക്കല്‍ കമ്മിറ്റി, കതിരൂര്‍ പുല്യോട് സി എച്ച് കണാരന്‍ സ്മാരക വായനശാലാ കമ്മിറ്റി എന്നിവരാണ് കാരായി രാജന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

സി.പി.എം. നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, കെ പി സഹദേവന്‍ എന്നിവര്‍ക്കു പുറമെ എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പണത്തിനു ശേഷം കാരായി രാജന്‍ ടി പത്മനാഭന്റെ പള്ളിക്കുന്നിലെ വസതിയിലെത്തി അനുഗ്രഹം വാങ്ങി. തലശ്ശേരി നഗരസഭയിലെ ചിള്ളക്കര വാര്‍ഡില്‍നിന്ന് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരന്‍ ഇന്നലെ രാവിലെയാണ് നഗരസഭാ വരണാധികാരി മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ ജനവിധി തേടുന്ന 52 എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളും ഒപ്പമുണ്ടായിരുന്നു. ചന്ദ്രശേഖരനും തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇരുമ്പനം ലോക്കല്‍ കമ്മിറ്റിയാണു നല്‍കിയത്.
Next Story

RELATED STORIES

Share it