കാരായിമാര്‍ക്ക് ജില്ല വിട്ടുപോകാന്‍ അഞ്ചു ദിവസത്തേക്ക് അനുമതി

കൊച്ചി: എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന  മുഹമ്മദ് ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സി.പി.എം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എറണാകുളം  ജില്ല വിട്ടുപോകാന്‍ അനുമതി. അഞ്ചു ദിവസത്തേക്കാണ് സി.ബി.ഐ. കോടതി അനുമതി നല്‍കിയത്. കണ്ണൂരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പോകാന്‍ അനുമതി തേടി കാരായിമാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

തലശ്ശേരിയില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കും മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. 2006 ഒക്ടോബര്‍ 22നാണ് തേജസ് ദിനപത്രം ഏജന്റായിരുന്ന ഫസല്‍ കൊല്ലപ്പെടുന്നത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് സി.ബി.സി.ഐ.ഡിയും അന്വേഷിച്ച കേസ് കോടതി നിര്‍ദേശപ്രകാരം 2008ല്‍ സി.ബി.ഐ. ഏറ്റെടുത്തതോടെയാണ് കാരായി ചന്ദ്രശേഖരനെ ഏഴും കാരായി രാജനെ എട്ടും പ്രതികളാക്കിയത്. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോഴാണ് 2012 ജൂണ്‍ 22ന് ഇരുവരും കോടതിയില്‍ കീഴടങ്ങിയത്.

ഒന്നര വര്‍ഷത്തോളം ജയിലില്‍ കിടന്ന ഇരുവര്‍ക്കും എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും അപേക്ഷ പരിഗണനയ്‌ക്കെടുത്തപ്പോള്‍ സി.ബി.ഐ. എതിര്‍ത്തില്ല. ജില്ല വിട്ടുപോകുന്നതിനു മുമ്പ് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കണം, സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം, ജാമ്യവ്യവസ്ഥകള്‍ ലംഘിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ഇളവ് അനുവദിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു വിലക്കുള്ളത്.
Next Story

RELATED STORIES

Share it