കാരായിമാരുടെ പദവി: പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും

ഹനീഫ എടക്കാട്

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രത്തിന്റെ വിതരണക്കാരനുമായ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കാരായി രാജന്‍, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ എന്നിവരെ തല്‍സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. ഇന്നു നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്. കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കുന്നതിന് കോടതിവിലക്ക് തുടരുന്ന സാഹചര്യത്തില്‍ ഇരുവരെയും തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മറ്റുപേരുകള്‍ പരിഗണിക്കും.
കാരായിമാര്‍ തുടരുന്നത് രാഷ്ട്രീയപരമായും സംഘടനാപരമായും ദോഷം ചെയ്യുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരുവിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, വിഷയം യുഡിഎഫ് രാഷ്ട്രീയപ്രചാരണ ആയുധമാക്കിയിട്ടുമുണ്ട്. മണ്ഡലംതലത്തില്‍ എസ്ഡിപിഐ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുള്ള ഹരജി തള്ളിയ പശ്ചാത്തലത്തില്‍ ഇരുവരും രാജിവയ്ക്കണമെന്ന നിലപാടാണ് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിക്കും ഉള്ളത്. ഇരുവരുടെയും രാജി ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാകമ്മിറ്റി സമരത്തിനിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും കാരായി രാജന്റെ രാജി ആവശ്യം ശക്തമായിരുന്നു.
ഈ സാഹചര്യത്തില്‍, രണ്ടുപേരുടെയും രാജി നീണ്ടുപോവുകയാണെങ്കില്‍ സമരം കൂടുതല്‍ ശക്തമാവുമെന്നും അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്നും പാര്‍ട്ടിക്കു ബോധ്യമുണ്ട്. സോളാറില്‍ എല്‍ഡിഎഫ് തെരുവിലിറങ്ങുമ്പോള്‍ കാരായിമാരുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാവും.
പി ജയരാജന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇരുവരെയും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ മല്‍സരിപ്പിച്ചത്.
Next Story

RELATED STORIES

Share it