wayanad local

കാരാപ്പുഴ-അമ്പലവയല്‍ റോഡ് തകര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: കാരാപ്പുഴ-അമ്പലവയല്‍ റോഡ് പാടെ തകര്‍ന്നു. കാല്‍നടയാത്ര പോലും അസാധ്യം. കാരാപ്പുഴ പാലം അപ്രോച്ച് റോഡിന്റെ സ്ഥിതിയും വിഭിന്നമല്ല. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ യാത്ര ദുരിതമായി.
വയനാടിന്റെ മൊത്തം വികസനത്തിന് ആവശ്യമായ തുകയാണ് കാരാപ്പുഴ പദ്ധതിക്കു മാത്രമായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. കൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജലസേചനം ലക്ഷ്യമാക്കിയാണ് കാരാപ്പുഴ പദ്ധതിയുടെ തുടക്കം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിയുടെ പ്രയോജനം ജില്ലയ്ക്കുണ്ടായില്ലെന്നു മാത്രമല്ല, പദ്ധതി ടൂറിസം വികസനത്തിനായി വഴിമാറുകയും ചെയ്തു.
പദ്ധതികൊണ്ട് ഇതുവരെ പ്രയോജനമുണ്ടായതു കരാറുകാര്‍ക്കും കുറേ ഉദ്യോഗസ്ഥര്‍ക്കും. മാറിവരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടും ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയുമാണ് പദ്ധതിക്ക് തടസ്സമായത്. റോഡുകളെങ്കിലും സഞ്ചാരയോഗ്യമാക്കുമെന്നു നാട്ടുകാര്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഇതും അസ്ഥാനത്തായി.
നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കാരാപ്പുഴയിലെത്തുന്നത്. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ അവരുടെ ദുരിതവും ഏറി. കാരാപ്പുഴ പദ്ധതിയുടെ നിര്‍മാണത്തിനായി സാധനസാമഗ്രികള്‍ കൊണ്ടുവരുന്നതിനായി 1976ല്‍ വാഴവറ്റ-കാരാപ്പുഴ-അമ്പലവയല്‍ റോഡ് ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നതാണ്. പിന്നീട് ഈ റോഡിന്റെ സ്ഥിതി മോശമായി. കാലാകാലങ്ങളായി അറ്റകുറ്റപ്പണി ചെയ്യാത്തതുമൂലം റോഡ് പുതുക്കിപ്പണിയേണ്ട അവസ്ഥയിലാണ്. റോഡ് ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത ശേഷം ഒരു തവണ മാത്രമേ റീ ടാറിങ് നടത്തിയിട്ടുള്ളൂ. കഴിഞ്ഞ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് റോഡ് കാണാതെ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുട്ടി മരിച്ചു. പ്രദേശവാസികള്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും റോഡ് പണി നടത്തിയില്ല.
നാമമാത്രമായ തുക കാണിച്ച് കഴിഞ്ഞ ഏപ്രിലില്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും പ്രവൃത്തികള്‍ക്ക് ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാല്‍ ആരും ഏറ്റെടുത്തില്ല. പിന്നീട് ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
അണക്കെട്ടിന് പുറകില്‍ പാലം പണിതെങ്കിലും അപ്രോച്ച് റോഡ് നിര്‍മിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ അക്വേറിയം നിര്‍മിക്കുന്നതിനായി സ്ഥലം കണ്ടെത്തി കെട്ടിടം പണിതു. എന്നാല്‍, ബാക്കി യാതൊരു പ്രവൃത്തികളും ചെയ്യാത്തതിനാല്‍ കെട്ടിടവും നശിച്ചുകൊണ്ടിരിക്കുന്നു.
കാരാപ്പുഴ-അമ്പലവയല്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സിപിഎം അടിവാരം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കും. ഇതിന്റെ ആദ്യപടിയായി ഇന്നു രാവിലെ 11ന് കാരാപ്പുഴ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. പി വി സെബാസ്റ്റ്യന്‍, കെ എന്‍ ശശിധരന്‍, ഇ ടി തങ്കച്ചന്‍, കെ കെ രാജന്‍, പി ഡി ബിനോ പങ്കെടുത്തു.
Next Story

RELATED STORIES

Share it