wayanad local

കാരാപ്പുഴയില്‍ 13.12 കിലോമീറ്റര്‍ കനാലിലൂടെ ജലവിതരണം

കല്‍പ്പറ്റ: വിവിധോദ്ദേശ്യ പദ്ധതി പ്രദേശമായ കാരാപ്പുഴയില്‍ ടൂറിസം, ജലസേചന മേഖലകളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇറിഗേഷന്‍ വകുപ്പ്. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം, സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 13.75 കോടി രൂപ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും.
വര്‍ഷങ്ങളായി പൂര്‍ത്തിയാവാതെ കിടക്കുന്ന വന്‍കിട-ഇടത്തരം പദ്ധതികള്‍ ജനോപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാനാവുമോ എന്നു പരിശോധിക്കുന്നതിനായി 2017 ആഗസ്തിലാണ് വിദഗ്ധ സമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചത്. 13.12 കിലോമീറ്റര്‍ കനാലുകളിലൂടെ ഡാം റിസര്‍വോയറില്‍ നിന്നു നിലവില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ട്. ഇടതുകര കനാലിലൂടെ 6.10 കിലോമീറ്റര്‍ വരെയും വലതുകര കനാലിലൂടെ 7.02 കിലോമീറ്റര്‍ വരെയുമാണ് സ്ഥിരമായി ജലവിതരണം നടത്തുന്നത്. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലേക്കും കൃഷ്ണഗിരി, പുറക്കാടി വില്ലേജുകളിലേക്കും കുടിവെള്ള വിതരണം ആരംഭിച്ചു കഴിഞ്ഞു.
മേപ്പാടി, മൂപ്പൈനാട്, നൂല്‍പ്പുഴ, മുട്ടില്‍ പഞ്ചായത്തുകളിലേക്കും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്കും ശുദ്ധജല വിതരണം കേരള വാട്ടര്‍ അതോറിറ്റി മുഖേന നടത്താനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലെത്തി. ഫിഷറീസ് വകുപ്പ് മുഖേന മല്‍സ്യകൃഷി വികസനത്തിനും ലക്ഷ്യമിടുന്നു. കനാലുകളുടെ കാലപ്പഴക്കത്താലുള്ള ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ 2017-18ലെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പുരോഗമിക്കുകയാണ്. തുടര്‍പ്രവൃത്തികള്‍ 2018-19ലെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കും. ഇതുവഴി ഇതുവരെ നിര്‍മിച്ച കനാലുകളിലൂടെ ജലനഷ്ടം കുറച്ച് ജലവിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it