kannur local

കാരാപറമ്പ്-ആറളം-മണത്തണ മലയോര ഹൈവേ നിര്‍മാണം പുനരാരംഭിച്ചു

ഇരിട്ടി: നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കാരാപറമ്പ്-ആറളം-മണത്തണ മലയോര ഹൈവേ പ്രവൃത്തി പുനരാരംഭിച്ചു. കഴിഞ്ഞദിവസമാണ് പ്രവൃത്തി ആരംഭിച്ചത്. റോഡ് പണി നിലയ്ക്കുകയും കാല്‍നടയാത്ര പോലും ദുസ്സഹമാവുകയും ചെയ്തതോടെ നാട്ടുകാര്‍ സമരം തുടങ്ങിയിരുന്നു. ഇതെതുടര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എ ഇടപെടുകയും ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് പ്രവൃത്തി പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
നേരത്തെ 21.5 കോടിക്ക് പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് നിര്‍മാണമാരംഭിച്ചെങ്കിലും കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് റീടെന്‍ഡര്‍ നടത്തിയെങ്കിലും ആദ്യ ടെന്‍ഡറിനെക്കാള്‍ 22ശതമാനം തുകഉയര്‍ന്നത് പ്രതിസന്ധിക്ക് ആക്കംകൂട്ടി. ആദ്യം കരാര്‍ ഉപേക്ഷിച്ച ഇരിക്കൂര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തന്നെയാണ് വീണ്ടും ടെന്‍ഡറെടുത്തത്. രണ്ടുപേര്‍ ഒരേ തുക രേഖപ്പെടുത്തിയതിനാല്‍ നറുക്കെടുപ്പിലൂടെ കരാര്‍ നല്‍കുകയായിരുന്നു. ഇത് ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചില്ല. ഇതോടെപ്രശ്‌നം രൂക്ഷമാവുകയായിരുന്നു. റീടെന്‍ഡറില്‍ പങ്കെടുത്ത കരാറുകാരുമായി വിലപേശല്‍ നടത്തി, നിരക്ക് പിന്നീട് 16ശതമാനമായി കുറച്ചിരുന്നു.
ആറളം-മുഴക്കുന്ന്-പേരാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 15കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തിയാണ് നടക്കേണ്ടത്. ഒരുവര്‍ഷം മുമ്പ് മലയോര ഹൈവെയുടെ പ്രവൃത്തി ഉദ്ഘാടനം ആറളത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് ചില മേഖലകളില്‍ റോഡിന്റെയും കലുങ്കിന്റെയും നിര്‍മാണം നടന്നതിന് ശേഷമാണ് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്. ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി ലഭിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്. കാരാപറമ്പ് മുതല്‍ ആറളം വരെയുള്ള പ്രദേശത്തെ നിലവിലുള്ള റോഡ് കുത്തി പൊളിച്ചത് നാട്ടുകര്‍ക്ക് കാല്‍—ടയാത്രയ്ക്ക് പോലും ദുസ്സഹമായിരുന്നു.
Next Story

RELATED STORIES

Share it