kozhikode local

കാരാട്ട് പുഴ കൈയേറ്റം : ഭൂമി പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്‌



വടകര : നഗരസഭയിലെ പുതുപ്പണം കാരാട്ട് പുഴ   കൈയേറി മണ്ണിട്ട് നികത്തിയ സംഭവത്തില്‍ പുഴ പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ദൃശ്യകലാസമിതി 18 മീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലും 25 സെന്റ് സ്ഥലം മണ്ണിട്ട് നികത്തിയതായി റവന്യു വകുപ്പ് നടത്തിയ സര്‍വ്വെയില്‍ വ്യക്തമായ സ്ഥിതിക്ക് പുഴ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണം. പുഴ പുറമ്പോക്ക് ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് വ്യാജരേഖകള്‍ ഹാജരാക്കി സമ്പാദിച്ച വൈദ്യുതി കണക്ഷന്‍ വിഛേദിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ദൃശ്യകലാസമിതി സെക്രട്ടറി നല്‍കിയ തെറ്റായ സത്യവാങ്മൂലത്തിന്റെയും വ്യാജരേഖകളുടെയും അടിസ്ഥാനത്തിലാണ് വൈദ്യുതി കണക്ഷന്‍ അനുവദിച്ചത്.   കൈയേറ്റവും അനധികൃത നിര്‍മാണവും തെളിഞ്ഞ സാഹചര്യത്തില്‍   കൈയേറ്റം ഒഴിപ്പിച്ച് കാരാട്ട് പുഴ പൂര്‍വസ്ഥിതിയിലാക്കുന്നത് വരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാനും നിയമനടപടികള്‍ സ്വീകരിക്കുവാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി തീരുമാനിടച്ചതായും ഭാരവാഹികള്‍ പറഞ്ഞു. അനധികൃത കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്ന കാര്യത്തിലും പുഴ പുറമ്പോക്ക് ഭൂമി   കൈയേറ്റത്തിന് പിന്നിലും നഗരസഭ, റവന്യു, കെഎസ്ഇബി വകുപ്പുകളുടെ ഒത്താശയുള്ളതായും നേതാക്കള്‍ ആരോപിച്ചു. പുഴ പുറമ്പോക്ക് ഭൂമിയുടെ കൈവശക്കാരന്‍ ദൃശ്യകലാസമിതിയുടെ സെക്രട്ടറി ആയതെങ്ങനെയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. മുന്‍ ചെയര്‍മാനടക്കമുള്ളവര്‍   കൈയേറ്റം നടത്താന്‍ സിപിഎം ഉന്നത നേതാക്കളുടെ ഒത്താശയോടെ നേരത്തെ തന്നെ നീക്കം നടത്തിയതായും   കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് വടകര എംഎല്‍എ സികെ നാണു നിയമസഭയില്‍ സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നഗരസഭ ഓഫീസിന് മുന്നിലം, കെഎസ്ഇബി ഓഫിസിന് മുന്നിലും ധര്‍ണ്ണ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശശിധരന്‍ കരിമ്പനപ്പാലം, പിഎസ് രിജ്ഞിത്ത്കുമാര്‍, നെല്ലാടത്ത് രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it