കാരാട്ടിന് രാജ്‌നാഥിന്റെ ലഡു; ബംഗാളില്‍ വിവാദം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മോര്‍ഫ് ചെയ്ത ചിത്രം വിവാദമായി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് ലഡു നല്‍കുന്ന ചിത്രമാണ് വിവാദമായത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവ് ഡെറക് ഒബ്രീനാണ് വാര്‍ത്താസമ്മേളനത്തിനു ശേഷം വെബ്‌സൈറ്റില്‍ രണ്ടു വീഡിയോകളും ആറ് ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. വിവാദമായതോടെ മോര്‍ഫ് ചെയ്ത ചിത്രം പിന്‍വലിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നടപടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഎമ്മും ബിജെപിയും അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ഒത്തുകളി മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമമാണ് തൃണമൂലിന്റേതെന്ന് സിപിഎം നേതാവ് നീലോല്‍പല്‍ ബസു പറഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പ്രതികരിച്ചു.
മോര്‍ഫ് ചെയ്ത ചിത്രം പ്രദര്‍ശിപ്പിച്ചത് നാണംകെട്ട നടപടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. ചിത്രം മോര്‍ഫ് ചെയ്തതാണെന്നു മനസ്സിലായതിനാല്‍ അത് വെബ്‌സൈറ്റില്‍നിന്ന് പിന്‍വലിച്ചുവെന്ന് ഒബ്രീന്‍ അറിയിച്ചു. തെറ്റു പറ്റിയതില്‍ പാര്‍ട്ടി മാപ്പ് ചോദിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍നിന്നാണ് ചിത്രം കിട്ടിയതെന്നും അത് മോര്‍ഫ് ചെയ്തതാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് തൃണമൂല്‍ നടപടിയില്‍ കാണുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ്‌നാഥ് സിങ് പറഞ്ഞു. രാജ്‌നാഥ് സിങിനെ നേരിട്ടു കാണാന്‍ തനിക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
Next Story

RELATED STORIES

Share it