കാരണവര്‍ വധം: ഷെറിന്റെ ജീവപര്യന്തം സുപ്രിംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: മാവേലിക്കര ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി ശരിവച്ചു. കേസില്‍ മാവേലിക്കര അതിവേഗ വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ച 2016 ഡിസംബറിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു ഷെറിന്‍ നല്‍കിയ ഹരജി തള്ളിയാണ് കോടതിയുടെ നടപടി.
കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചതു ഷെറിന്‍ ആണെന്നതിനു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നു നിരീക്ഷിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാതെയാണ് ഹരജി തള്ളിയത്. പുറത്തുനിന്നുള്ളവരാണ് കാരണവരെ കൊലപ്പെടുത്തിയതെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു ഷെറിന്‍ കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ഭാസ്‌കര കാരണവരും മരുമകള്‍ ഷെറിനും മാത്രമായിരുന്നു കൊല നടന്ന രാത്രിയില്‍ വീട്ടിലുണ്ടായിരുന്നതെന്നും ഷെറിന്റെ സഹായമില്ലാതെ പുറത്തുനിന്നെത്തിയ കൊലയാളികള്‍ക്കു വീട്ടില്‍ക്കയറാന്‍ സാധ്യമല്ലെന്നും പ്രഥമദൃഷ്ട്യ വ്യക്തമാണെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
2009 നവംബര്‍ ഏഴിനാണ് ഭാസ്‌കര കാരണവര്‍ (65) കൊല്ലപ്പെട്ടത്. അമേരിക്കയില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ഷെറിന്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഷെറിന്റെയും ഭര്‍ത്താവ് ബിനു പീറ്റര്‍ കാരണവരുടെയും മകള്‍ ഐശ്വര്യ അന്നയുടെയും പേരില്‍ ഭാസ്‌കര കാരണവര്‍ രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദാക്കിയതാണു കൊലപാതകത്തിലേ—ക്ക് നയിച്ചതെന്നാണ് ആരോപണം.
ഷെറിനെ കൂടാതെ ബാസിത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. ഷെറിന് മൂന്ന് ജീവപര്യന്തവും മറ്റു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഷെറിനെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയാണു ചുമത്തിയിരുന്ന കുറ്റങ്ങള്‍.
Next Story

RELATED STORIES

Share it