thiruvananthapuram local

കായിക ലോകം മറന്ന ഫയല്‍വാന്‍ കാര്‍ത്തികേയന്‍ ഇന്ന് സന്യാസി

കഴക്കൂട്ടം: ഒരുകാലത്ത് രാജ്യത്തെ ഗുസ്തി ആരാധാകരുടെ ഹീറോ ആയിരുന്ന ഫയല്‍വാനെ ഇന്ന് കായിക ലോകം മറന്നിരിക്കുന്നു.  ഗ്യാലറികളിലെ ആര്‍പ്പുവിളികളും കുടുംബത്തിന്റെ സംരക്ഷണവുമില്ലാതെ ടെക്‌നോപാര്‍ക്കിനടുത്തെ ക്ഷേത്രത്തില്‍ സന്യാസ ജീവിതം നയിക്കുകയാണ് കേരള ഗുസ്തി ചാംപ്യനായിരുന്ന കാര്‍ത്തികേയന്‍. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഈ 89കാരന്‍  വര്‍ഷങ്ങള്‍ക്കു മുമ്പാണു വീടുവിട്ടിറങ്ങിയത്.
കായിക താരങ്ങള്‍ ഹനുമാന്‍ സ്വാമിയെ പൂജിക്കുന്നതു നല്ലതാണെന്ന ചില സുഹൃത്തുക്കളുടെ ഉപദേശമാണു  ഇദ്ദേഹത്തെ സന്യാസ  ജീവിതത്തിലേക്കുനയിച്ചത്. കാര്‍ത്തികേയന്‍ ഇന്ന് ബ്രഹ്മശ്രീ ഹനുമല്‍ സ്വരൂപ തീര്‍ത്ഥനാദസ്വാമി മഹാരാജയാണ്. ടെക്‌നോപാര്‍ക്കിനു സമീപം സ്ഥലം വാങ്ങി ഹനുമാന്‍ക്ഷേത്രം പണികഴിപ്പിച്ച് പൂജയും ക്ഷേത്രകാര്യങ്ങളും നോക്കി ഇവിടെ തന്നെയാണ്  താമസം. ക്ഷേത്രത്തിന്റെ എല്ലാകാര്യങ്ങളും സ്വാമി തനിച്ചാണു നോക്കിനടത്തുന്നത്. പ്രായാധിക്യത്താല്‍ കൂനിപോയ ശരീരവുമായി അടുത്തുവന്നു കുശലം പറയുന്ന പഴയ ഫയല്‍വാന്‍ ടെക്കികള്‍ക്കിടയിലും പ്രശസ്തനാണ്.
ക്ഷേത്രത്തിലെത്തുന്ന ടെക്കികള്‍ക്കു ആത്മീയ ഉപദേശവും നിര്‍ദേശങ്ങളും നല്‍കിയെ ഇദ്ദേഹം മടക്കിവിടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരാണു ക്ഷേത്രത്തിലെ പതിവു സന്ദര്‍ശകര്‍. 1960 ഏപ്രിലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ഗുസ്തിമല്‍സരം ഇന്നും കായിക ലോകം മറന്നിട്ടില്ല. രാജ്യമറിയപ്പെടുന്ന താരങ്ങളുടെ പോരാട്ടമായിരുന്നു മൈതാനത്ത്.
നിമിഷനേരം കൊണ്ട് എതിരാളിയെ മലര്‍ത്തിയടിച്ച് അന്ന്  എന്‍കാര്‍ത്തികേയന്‍  ചാംപ്യനായി. കളി കാണാന്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പട്ടംതാണുപിള്ള അടക്കമുളള പ്രമുഖര്‍ കാര്‍ത്തികേയനെ അഭിനന്ദിക്കാന്‍ കളികളത്തിലേയ്ക്കിറങ്ങി.
ഇതാണ് കാര്‍ത്തികേയന്റെ കായിക ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം. ഗുസ്തി,ജിംനാസ്റ്റിക്ക്, വെയിറ്റ്‌ലിഫ്റ്റിങ്,ശരീരസൗന്ദര്യമല്‍സരം എന്നീ ഇനങ്ങളില്‍ ശ്രദ്ധേയനായിരുന്നു കാ ര്‍ത്തികേയന്‍.അഞ്ചാമതു സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ ഓരോ ഇനങ്ങള്‍ക്കും സമ്മാനങ്ങള്‍ വാരികൂട്ടിയപ്പോള്‍ അടുത്തവര്‍ഷം മല്‍സരിക്കാതെ മാറിനില്‍ക്കണമെന്നു മറ്റു താരങ്ങ ള്‍ കാര്‍ത്തികേയനോടു ആവശ്യപ്പെട്ടുവത്രെ. പിന്നീട് ഗുസ്തിയില്‍ കേരളത്തിലെ ആദ്യ ക്വാളിഫൈഡ് കോച്ചായും ഇദ്ദേഹം മാറി.
1962ല്‍ പാട്യാലയില്‍ നിന്നു ജിംനാസ്റ്റിക്കിലും ഗുസ്തിയിലും ഡിപ്ലോമയും നേടി. മല്‍സരത്തില്‍ പങ്കെടുക്കാനായി സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയിലെ ജോലിയും ഇദ്ദേഹം പിന്നീട്  ഉപേക്ഷിച്ചു.
Next Story

RELATED STORIES

Share it