കായിക തലസ്ഥാനമായി എറണാകുളം

എം എം സലാം

കോഴിക്കോട്: ട്രാക്കിലും ഫീല്‍ഡിലും നാലു നാള്‍ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവില്‍ 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും കനകസിംഹാസനം നിലവിലെ ചാംപ്യന്‍മാരായ എറണാകുളം വിട്ടുകൊടുത്തില്ല. മേളയുടെ ആദ്യദിനം മുതല്‍ ആദ്യസ്ഥാനം വിട്ടുകൊടുക്കാതിരുന്ന എറണാകുളം മീറ്റിന് തിരശ്ശീല വീണപ്പോഴും ഈ സ്ഥാനം നിലനിര്‍ത്തിയാണ് സ്വര്‍ണകപ്പുമായി മടങ്ങിയത്.
ഫോട്ടോഫിനിഷിങില്‍ പാലക്കാടിന്റെ വെല്ലുവിളി അതിജീവിച്ച എറണാകുളത്തിനു 241 പോയിന്റാണ് ലഭിച്ചത്. 225 പോയിന്റോടെ പാലക്കാട് തൊട്ടുപിന്നിലെത്തി. സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കോതമംഗലത്തെ ബഹുദൂരം പിന്നിലാക്കി എറണാകുളത്തു തന്നെയുള്ള മാര്‍ ബേസില്‍ എച്ച്എസ്എസ് കിരീടം ചൂടി. ഒമ്പതു സ്വര്‍ണവും 13 വെള്ളിയും ഏഴു വെങ്കലവുമടക്കം 91 പോയിന്റാണ് മാര്‍ ബേസില്‍ നേടിയത്. പാലക്കാട്ടു നിന്നുള്ള പറളി എച്ച്എസ്എസ് 12 സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവും ഉള്‍പ്പെടെ 86 പോയിന്റോടെ തൊട്ടുപിന്നിലെത്തി. 41 പോയിന്റ് മാത്രം നേടാനായ സെന്റ് ജോര്‍ജ് ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
മീറ്റില്‍ ആകെ 24 റെക്കോഡുകളാണ് പിറന്നത്. ഇതില്‍ പലതും ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനങ്ങളായിരുന്നു. ഇന്നലെ രണ്ടു മീറ്റ് റെക്കോഡുകളാണ് കണ്ടത്. മൂന്നു വ്യക്തിഗത ഇനങ്ങളില്‍ ഉള്‍പ്പെടെ നാലു സ്വര്‍ണം നേടിയ ജിസ്‌നയാണ് മേളയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

RELATED STORIES

Share it