കായിക കേരളത്തിന് 19ാം കിരീടം

എം എം സലാം

കോഴിക്കോട്: മലബാറിന്റെ ആസ്ഥാന നഗരിയിലും കായിക കിരീടം കേരള കൗമാരത്തില്‍ ഭദ്രം. പ്രതിഭകളുടെ പുത്തന്‍ താരോദയങ്ങളെ കണ്ടെത്താന്‍ അഞ്ചു ദിനങ്ങളിലായി ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ നടന്ന 61ാമതു ദേശീയ സ്‌കൂള്‍ കായികമേളയിലെ പോരാട്ടങ്ങള്‍ക്കൊടുവില്‍ തുടര്‍ച്ചയായ 19ാം തവണയും കേരളം കിരീടം സ്വന്തമാക്കി.
39 സ്വര്‍ണവും 29 വെള്ളിയും 17 വെങ്കലവുമടക്കം 306 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. 11 സ്വര്‍ണവും എട്ടു വെള്ളിയും 13 വെങ്കലവും നേടി 116 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സപ്പുകളായ തമിഴ്‌നാട് ഇത്തവണയും സ്ഥാനം നിലനിര്‍ത്തി. ഒമ്പതു സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലവുമടക്കം 101 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാംസ്ഥാനത്താണ്.
ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലൊഴികെ ബാക്കി നാലു വിഭാഗങ്ങളിലും കേരളം തന്നെ ചാംപ്യന്‍മാരായി. റെക്കോഡുകളുടെ എണ്ണത്തിലും കോഴിക്കോട് മീറ്റില്‍ വര്‍ധനയുണ്ടായി.
കേരളത്തിന്റെ കെ എസ് അനന്തുവും അബിത മേരി മാനുവലുമാണ് മേളയുടെ താരങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ സി ബബിതയും ബിബിന്‍ ജോര്‍ജും ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ ലിസ്ബത്ത് കരോളിന്‍ ജോസഫും തമിഴ്‌നാടിന്റെ സി അജിത്കുമാറും സബ് ജൂനിയര്‍ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ തായ് ബാഹാനെയും ഡല്‍ഹിയുടെ നിസാര്‍ അഹ്മദും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it