wayanad local

കായികാധ്യാപക ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടെ ആത്മഹത്യാശ്രമം

കല്‍പ്പറ്റ: എസ്എസ്എ നല്‍കുന്ന ഫണ്ട് പാഴാക്കാതെ കലാ-കായികാധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിനിടെ കലക്ടറേറ്റനു മുന്നില്‍ ആത്മഹത്യാ ശ്രമം. 14 ദിവസം കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയതിനു ശേഷവും തീരുമാനമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി കലാ-കായികാധ്യാപകര്‍ നിരാഹാര സമരത്തിലായിരുന്നു. സമരക്കാരെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
ആര്‍ട്ട് ആന്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി പി മനോജ്, രതീഷ്, മിഥുന്‍ എന്നിവരാണ് കലക്ടറേറ്റിനു മുന്നിലെ മരത്തില്‍ മണ്ണെണ്ണക്കുപ്പിയും ലൈറ്ററുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ കലക്ടറേറ്റിനു മുന്നില്‍ തടിച്ചുകൂടി. കല്‍പ്പറ്റയില്‍ നിന്നു ഫയര്‍ഫോഴ്‌സ് സംഘമെത്തി സ്ഥലത്ത് നിലയുറപ്പിച്ചു. പത്തോടെയെത്തിയ കലക്ടര്‍ കേശവേന്ദ്രകുമാര്‍ സമരനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി.
ജില്ലയില്‍ കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികളെ കലാ-കായികാധ്യാപകരായി നിയമിക്കുക, മാര്‍ച്ചില്‍ തന്നെ നിയമനം നടത്തുക, അധ്യാപക ബാങ്കില്‍ നിന്നുള്ളവരെ എടുക്കാതെ കോഴ്‌സ് പാസായവരെ തന്നെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവച്ചത്. ആവശ്യങ്ങള്‍ കലക്ടര്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്നു കലക്ടര്‍ ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സമരക്കാരെ പ്രതിനിധീകരിച്ച് ബിജു ജോണ്‍, വി പി മോഹന്‍ദാസ്, ഡിഡിഇ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് കെ എസ് മുരളി, എസ്എസ്എ പ്രോഗ്രാം ഓഫിസര്‍മാരായ ഒ പ്രമോദ്, കെ എം മൊയ്തീന്‍കുഞ്ഞ് ചര്‍ച്ചയില്‍ പങ്കെടുത്തു.
കലാ-കായികാധ്യാപകരെ നിയമിക്കാതെ അഞ്ചു വര്‍ഷംകൊണ്ട് എസ്എസ്എ അനുവദിച്ച 350 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പാഴാക്കിയത്.
സംസ്ഥാനത്ത് 4,450 അധ്യാപകര്‍ ജോലിക്കായി കാത്തുനില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ ക്രൂരത. സംസ്ഥാന സര്‍ക്കാരിന് നയാപൈസയുടെ ബാധ്യതയില്ലാത്ത ഈ നിയമനകാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുമ്പോള്‍ അധ്യാപകരും അവരെ ആശ്രയിച്ചു കഴിയുന്നവരും പെരുവഴിയിലാവുകയാണ്. 95 കോടി രൂപയാണ് 2015-16 അധ്യയനവര്‍ഷം മാത്രം എസ്എസ്എ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്.
2010ലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് കുട്ടികളില്‍ സര്‍ഗവാസനകളും കായിക അഭിരുചികളും വളര്‍ത്താന്‍ യുപി, എല്‍പി വിഭാഗങ്ങളില്‍ സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കാന്‍ 2010-11 വര്‍ഷം മുതലാണ് എസ്എസ്എ ഫണ്ട് അനുവദിക്കാന്‍ തുടങ്ങിയത്.
Next Story

RELATED STORIES

Share it