Flash News

കായികരംഗം മികവുറ്റതാക്കാന്‍ കായികക്ഷമതാ മിഷന്‍



എച്ച് സുധീര്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കായികവളര്‍ച്ച ലക്ഷ്യമിട്ട് കായികക്ഷമതാ മിഷന്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തിന്റെ കായികഭാവിക്ക് ഏറെ ഗുണകരമാവും. കായികരംഗത്തെ പുത്തന്‍ താരോദയങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിന് ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് കായികരംഗത്തുള്ളവരുടെ വിലയിരുത്തല്‍. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്ത് കായികക്ഷമതാ മിഷന്‍ രൂപീകരിക്കുന്നത്. നഴ്‌സറിതലം മുതല്‍ ഏഴാം ക്ലാസ് വരെയും എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയും കോളജ് തലത്തിലും പ്രത്യേകവിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറായിവരുന്നതായും അധികൃതര്‍ അറിയിച്ചു. ഈ സ്‌കൂള്‍ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാപഞ്ചായത്തുകളിലും ഒരു കളിക്കളം തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായി 25 കേന്ദ്രങ്ങളില്‍ മിനി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം, ധര്‍മടം അബു ചാത്തുക്കുട്ടി സ്റ്റേഡിയം, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം, പടിയൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, മട്ടന്നൂര്‍ സ്‌റ്റേഡിയം, വയനാട് ജില്ലാ സ്‌റ്റേഡിയം, പുല്ലൂരാംപാറ തിരുവമ്പാടി, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി, എടപ്പാള്‍ ഗവ. എച്ച്എസ്എസ്, നിലമ്പൂര്‍ മിനി സ്റ്റേഡിയം, പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം, ചിറ്റൂര്‍ ഗവ. കോളജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, തിരുമിറ്റക്കോട് ചാത്തന്നൂര്‍ എച്ച്എസ്എസ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയം, എളങ്കുന്നപ്പുഴ സാന്താക്രൂസ് ഗ്രൗണ്ട്, പള്ളിപ്പുറം എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട് അരൂര്‍, പ്രീതികുളങ്ങര സ്‌കൂള്‍ സ്റ്റേഡിയം, അമ്പലപ്പുഴ ഗവ.കോളജ് സ്‌റ്റേഡിയം, ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം രണ്ടാംഘട്ടം, അയ്മനം പഞ്ചായത്ത് സ്റ്റേഡിയം, നെടുങ്കണ്ടം സ്റ്റേഡിയം, കുണ്ടറ കോട്ടംകര മിനി സ്‌റ്റേഡിയം, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം, അടൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവയ്ക്കാണ് തുക വകയിരുത്തിയത്. ഇവയില്‍ 18 പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ കായിക താരങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ തന്നെ മെച്ചപ്പെട്ട പരിശീലനത്തിന് അവസരമുണ്ടാവും.
Next Story

RELATED STORIES

Share it