കായികമേള ജേതാക്കള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കും: വിദ്യാഭ്യാസമന്ത്രി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കുള്ള സമ്മാനത്തുകയും സ്വര്‍ണപ്പതക്കത്തിന്റെ തൂക്കവും ഇരട്ടിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു.
മുന്‍ കായികമേളയില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 101 പവന്‍ സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഈവര്‍ഷം തന്നെ നടപ്പാക്കും. കോഴിക്കോട്ടു നടക്കുന്ന 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ നടക്കുന്ന മേളയില്‍ 94 ഇനങ്ങളിലായി 2800 കായികതാരങ്ങളും 350 കായികാധ്യാപകരും പങ്കെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മേളയുടെ മുഖ്യയിനങ്ങള്‍ നടക്കുക.
മെഡിക്കല്‍ കോളജ് അറോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. എം കെ മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഒളിംപ്യന്‍ പി ടി ഉഷ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രജനി തടത്തില്‍, അന്നമ്മ മാത്യു, കൗണ്‍സിലര്‍മാരായ ഷെറീന വിജയന്‍, പി കിഷന്‍ചന്ദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി സംസാരിച്ചു.
Next Story

RELATED STORIES

Share it