kasaragod local

കായികമേള ഇന്നുതുടങ്ങും

കാലിക്കടവ്: റവന്യു ജില്ലാ സ്‌കൂള്‍ കായികമേളക്ക് ഇന്ന് പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മൈതാനിയില്‍ ആരംഭിക്കും. ഇന്നലെ രാവിലെ ക്രോസ്‌കണ്‍ട്രി മല്‍സരങ്ങളും വൈകീട്ട് ദീപശിഖാ പ്രയാണവും നടന്നു. ആദ്യമായി 400 മീറ്റര്‍ ട്രാക്കിലാണ് മല്‍സരങ്ങള്‍ നടക്കുക. എഴ് ഉപജില്ലകളില്‍ നിന്നായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2000 ഓളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ഇന്നലെ മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.
ഇന്നലെ നടന്ന ക്രോസ് കണ്‍ട്രി മല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചീമേനി ജിഎച്ച്എസ്എസിലെ സരിന്‍കുമാറും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇതേ സ്‌കൂളിലെ കെ രഞ്ജിമയും വിജയികളായി. കാസര്‍കോട് ബിഇഎം സ്‌കൂളില്‍ നിന്നും പുറപ്പെട്ട ദീപശിഖ റാലിക്ക് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വൈകീട്ട് ആറോടെ കാലിക്കടവില്‍ എത്തിച്ചേന്ന ദീപശിഖ സംഘാടക സമിതി ചെയര്‍മാനും പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റുമായ ടി വി ശ്രീധരന്‍ ഏറ്റുവാങ്ങി.
കായികമേള കണ്‍വീനറും ചെറുവത്തൂര്‍ എഇഒയുമായ കെ പി പ്രകാശ് കുമാര്‍, സ്‌പോര്‍ട്‌സ് കോ-ഓഡിനേറ്റര്‍ കെ എം ബല്ലാള്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെ വിജയകൃഷ്ണന്‍, പി പി അശോകന്‍ തുടങ്ങി സംഘാടകരും കായിക പ്രേമികളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു. ദേശീയ താരങ്ങളായ അത്‌ലറ്റുകളുടെ നേതൃത്വത്തില്‍ സ്‌റ്റേഡിയത്തില്‍ ദീപശിഖ കൊളുത്തും. ഇന്ന് രാവിലെ 8.30ന് ദീര്‍ഘദൂര ഓട്ട മല്‍സരങ്ങളോടെ മേളക്ക് തുടക്കമാവും. 10.30ന് ഡിഡിഇ ഇന്‍ ചാര്‍ജ് പി കെ രഘുനാഥ് പതാക ഉയര്‍ത്തും. വിവിധ ഉപജില്ലകളുടെ ബാനറിന് കീഴില്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റും നടക്കും.
കാഞ്ഞങ്ങാട് ഡിവൈഎസ്പി എം ഹരിശ്ചന്ദ്ര നായ്ക് ഉദ്ഘാടനം ചെയ്യും. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ഇന്ന് സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 56 ഇനങ്ങളില്‍ മല്‍സരം നടക്കും. നാളെ 65 ഇനങ്ങളിലും മല്‍സരം നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it