Flash News

കായല്‍ കൈയേറ്റത്തില്‍ മുഖ്യമന്ത്രിയും കൂട്ടുപ്രതി : ചെന്നിത്തല



കാസര്‍കോട്/ചട്ടഞ്ചാല്‍: കായല്‍ കൈയേറ്റം നടത്തിയ ഗതാഗതമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതിയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പിണറായി വിജയന്‍ നിയമലംഘകര്‍ക്കും കൈയേറ്റക്കാര്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്നു. തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ലംഘനമാണിത്. രണ്ട് വര്‍ഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. അത്തരമൊരാളെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയും കൂട്ടുപ്രതിയാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിയെ ശാസിക്കുന്ന മുഖ്യമന്ത്രി ഇദ്ദേഹം കുട്ടിയാണോ എന്നും ആരാഞ്ഞു. കളങ്കിതനായ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഒരിഞ്ചുപോലും ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ഇപ്പോള്‍ നിശബ്ദതപാലിക്കുന്നത് അധാര്‍മികതയാണ്. ഇടതുമുന്നണി കൈയേറ്റക്കാരുടെയും സ്വര്‍ണക്കള്ളക്കടത്തുകാരുടെയും കൂട്ടാളികളായി മാറി. ആരോപണവിധേയനായ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണ്. 19 മാസത്തെ ഭരണംകൊണ്ട് സംസ്ഥാനത്തിന് ഒന്നും ചെയ്യാനായിട്ടില്ല. ഇവിടെ നിഷ്‌ക്രിയത്വമാണ്- അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടെന്ന ഓലപ്പാമ്പിനെ കാട്ടി യുഡിഎഫിനെ ഭീഷണിപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. കീഴുദ്യോഗസ്ഥര്‍ കടലാസ് കഷ്ണത്തിന്റെ വിലപോലും കല്‍പിക്കാത്ത സാഹചര്യത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്തിന് ആ പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നെന്നും ചെന്നിത്തല ചോദിച്ചു. പടയൊരുക്കം യാത്രയ്ക്ക് ഉദുമ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി ചട്ടഞ്ചാലില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എജിയും റവന്യൂ സെക്രട്ടറിയും അടക്കം മന്ത്രിയെ വെല്ലുവിളിക്കുന്നു. പ്രസ്താവനകളിലൂടെ വെല്ലുവിളിക്കുന്ന വീരശൂര പരാക്രമി കാനം രാജേന്ദ്രന്‍ മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജോണി നെല്ലൂര്‍, തമ്പാനൂര്‍ രവി  ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it