Alappuzha local

കായംകുളത്ത് തിരഞ്ഞെടുപ്പ് ചൂടേറി

കായംകുളം: ഇക്കുറി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രധാന മല്‍സരം നടക്കുന്ന വാര്‍ഡാണ് ആറ്. ജനറല്‍ വാര്‍ഡായ ഇവിടെ എല്‍ഡിഎഫ് സാരഥിയായി സിപിഎം നേതാവിന്റെ ഭാര്യയും നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും സിറ്റിങ് കൗണ്‍സിലറുമായ വല്‍സല മോഹന്‍ദാസും യുഡിഎഫ് സാരഥിയായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കടയില്‍ രാജനും ജനവിധി തേടുന്നു. സീറ്റ് വിഭജനത്തില്‍ ഏറെ തര്‍ക്കം നിലനിന്ന വാര്‍ഡാണിത്. യൂത്ത് കോണ്‍ഗ്രസ്സും ജനശ്രീ മിഷനും വാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും എല്‍ഡിഎഫില്‍ നിന്നു വാര്‍ഡ് തിരികെ പിടിക്കാന്‍ മണ്ഡലം പ്രസിഡന്റ് കടയില്‍ രാജനെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. ബിജെപി സാരഥി അഭിലാഷും മല്‍സരരംഗത്തുണ്ട്.
ഏഴാം വാര്‍ഡ് യുഡിഎഫില്‍ നിന്നു തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് കന്നിയങ്കക്കാരനും സിപിഎം എല്‍സി മെംബറുമായ ഹരികുമാറിനെയാണ്. യുഡിഎഫ് സാരഥിയായി മികച്ച വിജയം നേടി ശ്രദ്ധേയമായ വികസനം കാഴ്ച വച്ച നിസാം കാവില്‍ (നൗഷാദ്) തന്നെയാണ് യുഡിഎഫ് സാരഥി. യുഡിഎഫിനും എല്‍ഡിഎഫിനും ഒരേപോലെ പ്രതീക്ഷയുള്ള വാര്‍ഡാണിത്. എല്‍ഡിഎഫ് സാരഥി ഹരികുമാറിന്റെ പത്രിക സത്യപ്രതിജ്ഞയില്‍ ഒപ്പിട്ടില്ലെന്ന കാരണത്താല്‍ സൂക്ഷ്മപരിശോധനയില്‍ ആദ്യം തള്ളുകയും കലക്ടറുടെ പരിശോധനയില്‍ റിട്ടേണിങ് ഓഫിസറുടെ പിഴവാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സ്വതന്ത്രനായി നൗഷാദ്, ബിജെപിയുടെ രജീഷും രംഗത്തുണ്ട്.
ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ഡാണ് ഏഴാം വാര്‍ഡ്. സ്വതന്ത്രരും വിമതരുമടക്കം നിരവധി സ്ഥാനാര്‍ഥികളാണ് മല്‍സരരംഗം കൊഴുപ്പിക്കുന്നത്. നഗരസഭാ ചരിത്രത്തില്‍ തോല്‍വി എന്തെന്നറിഞ്ഞിട്ടില്ലാത്ത മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭാ വൈസ് ചെയര്‍മാനുമായ പി കെ കൊച്ചുകുഞ്ഞാണ് യുഡിഎഫ് സാരഥി. വാര്‍ഡില്‍ എല്‍ഡിഎഫിലെ രണ്ട് ഘടകകക്ഷികളും മല്‍സരിക്കുന്നുണ്ട്. എല്‍ഡിഎഫിലെ ഔദ്യോഗിക സാരഥിയായി സിപിഐയുടെ പി റ്റി ഹക്കീമും റിബല്‍ സാരഥിയായി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിയുമാണ്.
ഇരുമുന്നണികള്‍ക്കും ഭീഷണിയായി എസ്ഡിപിഐ സാരഥി മണ്ഡലം കമ്മിറ്റിയംഗം അലിമുഹമ്മദ് ബാദുഷയും മല്‍സര രംഗത്ത് സജീവമായി നിലകൊള്ളുന്നത്. സ്വതന്ത്രനായ മുഹമ്മദ് അന്‍സില്‍, പിഡിപിയുടെ ഷാഹുല്‍ ഹമീദ് എന്നിവരും മല്‍സരരംഗത്തുണ്ട്.
വനിതാ വാര്‍ഡായ ഒമ്പതാം വാര്‍ഡില്‍ മുഴുവന്‍ സാരഥികളും കന്നിയങ്കക്കാരാണ്. യുഡിഎഫ് സാരഥി മുസ്‌ലിംലീഗിലെ സുറുമി സൈഫുദ്ദീനാണ്. എല്‍ഡിഎഫ് സാരഥിയായി ജനതാദള്‍ (എസ്)ലെ സജ്‌ന ഷഹീറും മല്‍സരിക്കുന്നു. എസ്ഡിപിഐ സാരഥിയായി എഐഎസ്എഫ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയ ഷഹീദാ അനീസാണ്. ബിജെപി സാരഥിയായി ചിത്രയും മല്‍സര രംഗത്തുണ്ട്. എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിയും തമ്മില്‍ ത്രികോണ മല്‍സരമാണ് ഇവിടെ നടക്കുന്നത്. സ്വതന്ത്രയായി സമിയത്ത് നസീം റസീന എന്നിവര്‍ മല്‍സരരംഗത്തുണ്ട്.
ഗൗഡ സാരസ ബ്രാഹ്മവിഭാഗം ഏറെ താമസിക്കുന്ന വാര്‍ഡായ പത്താം വാര്‍ഡില്‍ ബിജെപിക്ക് സ്വാധീനം ഏറെയാണ്. കഴിഞ്ഞ തവണ ബിജെപിയാണ് ഇവിടെ വിജയിച്ചിരുന്നത്. ഇക്കുറി വാര്‍ഡ് തിരികെ പിടിക്കാന്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ വിഠളദാസിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. അധ്യാപകനായ രാജേഷ്‌കമ്മത്താണ് ബിജെപി സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സാരഥിയായി മല്‍സരിക്കുന്നത് ജനതാദള്‍ (എസ്)ലെ രാധാകൃഷ്ണപ്രഭുവാണ്. വാര്‍ഡില്‍ ബിജെപിയും കോണ്‍ഗ്രസ്സുമാണ് പ്രധാനമല്‍സരം.
Next Story

RELATED STORIES

Share it